Demand | കാസർകോടിന് എയിംസ് അനിവാര്യം: കേന്ദ്ര സംഘത്തെ കാണാൻ സന്നദ്ധ സംഘടനകൾ
● എൻഡോസൾഫാൻ രോഗികളുടെ ദുരിതം അറിയിക്കും.
● കേന്ദ്ര സംഘത്തിൻ്റെ വരവ് വൈകാൻ സാധ്യത.
● രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായി സൂചന.
കാസർകോട്: (KasargodVartha) എയിംസ് വിഷയത്തിൽ സ്ഥല പരിശോധനയ്ക്കായി കോഴിക്കോട്ട് കിനാലൂരിൽ എത്തുമെന്ന് പറയുന്ന കേന്ദ്ര സംഘത്തെ കാണാൻ ജില്ലയിലെ സന്നദ്ധ സംഘടനകൾ തയ്യാറെടുക്കുന്നു. ജില്ലയിൽ എൻഡോസൾഫാൻ രോഗികൾ മതിയായ ചികിത്സ കിട്ടാതെ മരിച്ചുവീഴുന്ന കാസർകോട് തന്നെ എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും സന്നദ്ധപ്രവർത്തകർ കേന്ദ്ര സംഘത്തെ കാണുക.
എയിംസ് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതായി കഴിഞ്ഞ മാസം കേരള സർക്കാരിൻ്റെ പ്രതിനിധിയായി ഡൽഹിയിലുള്ള കെ.വി. തോമസ് അറിയിച്ചിരുന്നു. ഇതിനായി ഉടൻതന്നെ കേന്ദ്ര സംഘം സ്ഥലപരിശോധനയ്ക്കായി കോഴിക്കോട് എത്തുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.
എന്നാൽ സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കളുടെയും, മന്ത്രിമാരുടെയും ഇടപെടൽ ഉണ്ടായതോടെ കേന്ദ്ര സംഘത്തിൻ്റെ വരവ് വൈകുമെന്നാണ് സൂചന.
അതിനിടെ എയിംസ് തൃശ്ശൂരിൽ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്നോട്ടുവെക്കുന്നുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരനാകട്ടെ എയിംസ് തിരുവനന്തപുരത്ത് വേണമെന്ന അഭിപ്രായക്കാരനുമാണ്. ഇതിന് ശശി തരൂർ എം.പി.യുടെ പിന്തുണയുമുണ്ട്. എന്നാൽ സംസ്ഥാന സർക്കാറാകട്ടെ കോഴിക്കോട്ട് കിനാലൂരിനു വേണ്ടിയാണ് രംഗത്തുള്ളത്. ഇതിനായി സ്ഥലം കണ്ടെത്തുകയും, പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
സർക്കാരിൻ്റെ ഈ തീരുമാനം ചോദ്യം ചെയ്ത് നേരത്തെ തന്നെ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചാണോ എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയത് എന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ ഉരുണ്ടുകളിക്കുകയായിരുന്നുവെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കുറ്റപ്പെടുത്തിയിരുന്നു.
കോഴിക്കോട് എയിംസ് സ്ഥാപിക്കുമെന്ന് പറയുന്ന കിനാലൂരിൽ വൻകിടക്കാരും, പ്രമുഖ രാഷ്ട്രീയക്കാരും വൻതോതിൽ സ്ഥലം വാങ്ങിക്കൂട്ടുന്നുവെന്ന ആക്ഷേപവും നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. ഇത് അന്വേഷിക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാണ്.
എയിംസ് ജനകീയ കൂട്ടായ്മയ്ക്ക് പുറമെ കാസർക്കോട്ടെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളെല്ലാം തന്നെ എയിംസ് കാസർക്കോട്ട് തന്നെ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Voluntary organizations in Kasaragod are preparing to meet the central team visiting Kinalur for AIIMS site inspection to demand that AIIMS be allocated to Kasaragod, highlighting the plight of endosulfan victims. The visit is reportedly delayed due to political interventions, with various leaders proposing different locations like Thrissur and Thiruvananthapuram, while the state government prefers Kinalur.
#AIIMSforKasaragod #EndosulfanVictims #KeralaHealth #CentralGovernment #PoliticalInterference #SaveKasaragod