Tragedy | ദുബൈയിൽ മഫാസിന്റെ ആകസ്മിക വിയോഗം ഉറ്റവരെ കണ്ണീരിലാഴ്ത്തി; സഹോദരിയെ രക്ഷിച്ച അറബ് പൗരനോട് നന്ദി പറഞ്ഞ് കുടുംബം
● ദുബൈയിലെ മംസാർ ബീച്ചിലാണ് സംഭവം.
● ഖബറടക്കം ദുബൈയിൽ തന്നെ
● കെഎംസിസി നേതാക്കൾ നടപടിക്രമങ്ങൾക്ക് സഹായിക്കുന്നു
ദുബൈ: (KasargodVartha) മംസാർ ബീചിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച ചെങ്കള തൈവളപ്പിൽ താമസക്കാരനും ദുബൈയിൽ വസ്ത്ര വ്യാപാരിയുമായ എ പി അശ്‌റഫ് - നസീമ ദമ്പതികളുടെ മകൻ മഫാസിന്റെ (15) ആകസ്മിക വിയോഗം കുടുംബത്തെ കണ്ണീരിലാഴ്ത്തി. അതേസമയം, ഒഴുക്കിൽപ്പെട്ട സഹോദരി ഫാത്വിമ മാസിനെ രക്ഷിച്ച അറബ് പൗരനോട് കുടുംബം അഗാധമായ നന്ദി പ്രകടിപ്പിച്ചു.
ബീച് പാർകിൽ ഒഴിവുസമയം ചിലവഴിക്കുന്നതിനിടയിൽ സംഭവിച്ച ദുരന്തത്തിൽ കുടുംബത്തിന്റെ സന്തോഷം കണ്ണീരായി മാറുകയായിരുന്നു. നീന്തൽ അറിയാവുന്ന മക്കൾ എങ്ങനെ ഒഴുക്കിൽപ്പെട്ടു എന്നതിനെക്കുറിച്ച് പിതാവിന് ഇപ്പോഴും വ്യക്തതയില്ല. വലിയ തിരമാലകളും ശക്തമായ ഒഴുക്കുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കടൽത്തീരത്ത് പന്ത് തട്ടി കളിക്കുന്നതിനിടയിൽ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഫാത്വിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ അറബ് പൗരൻ അവളെ രക്ഷപ്പെടുത്തി. ഈ നന്മനിറഞ്ഞ പ്രവൃത്തിക്ക് അദ്ദേഹത്തോട് നന്ദി പറയാൻ തങ്ങൾക്ക് വാക്കുകളില്ലെന്ന് പിതാവ് എ പി അശ്‌റഫ് പ്രതികരിച്ചു. എന്നാൽ മഫാസിനെ കണ്ടെത്താനായില്ല.
രണ്ട് പേർ ഒഴുക്കിൽപ്പെട്ടതായുള്ള വിവരം ലഭിച്ച ഉടൻ, ദുബൈ പോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ, വെള്ളിയാഴ്ച രാത്രി നടത്തിയ തിരച്ചിലിൽ മഫാസിനെ കണ്ടെത്താനായില്ല. തുടർന്ന്, ശനിയാഴ്ച മുങ്ങൽ വിദഗ്ധരും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്നാണ് വൈകുന്നേരത്തോടെ മഫാസിന്റെ മൃതദേഹം കണ്ടെത്തിയത്.
ദുബൈയിലെ ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന മഫാസിന്റെ മരണം സ്‌കൂളിലും സുഹൃത്തുക്കളിലും കണ്ണീർ പടർത്തി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ദുബൈയിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കെഎംസിസി നേതാക്കൾ സഹായവുമായി രംഗത്തുണ്ട്. മൂത്ത മകളാണ് ഫാത്വിമ, എംബിഎ വിദ്യാർഥിനിയാണ്. മുഈസ്, മെഹ്‌വിശ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
#DubaiDrowning #IndianBoy #Tragedy #RIP #UAE #Kerala