ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കായി സ്റ്റാൻഡിങ് കമിറ്റികൾ രൂപീകരിക്കണം; ക്ഷേമനിധി പരിഷ്കരിക്കണം - കേരള പ്രവാസി ലീഗ്
കാസർകോട്: (www.kasargodvartha.com 08.03.2021) ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കായി സ്റ്റാൻഡിങ് കമിറ്റികൾ രൂപീകരിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പദ്ധതികളിൽ നിശ്ചിത ശതമാനം പ്രവാസികൾക്കായി മാറ്റി വെക്കുന്ന തരത്തിൽ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
60 കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ ലഭിക്കുന്ന തരത്തിൽ പ്രവാസി ക്ഷേമനിധി പരിഷ്കരിക്കണം. ക്ഷേമനിധിയിൽ അംഗമായവരുടെ അംശാദായം വർധിപ്പിച്ച നടപടി പിൻവലിക്കണം. പെൻഷൻ തുക കൂട്ടിയത് പോലെ ചികിത്സ, മരണാനന്തര സഹായം, മക്കളുടെ വിവാഹ ധനസഹായം വിദ്യാഭ്യാസ സഹായം എന്നിവയും വർദ്ധിപ്പിക്കണം. ഏതെങ്കിലും പെനാൽറ്റി ബാക്കിയുണ്ടെങ്കിൽ അംശാദായമടച്ചവർക്കു പോലും പെൻഷൻ ലഭിക്കാത്ത സാഹചര്യമുണ്ട്. അവധി തെറ്റിയവരിൽ നിന്ന് 15 ശതമാനം പലിശയും ഈടാക്കുന്നു. ഇവ എടുത്തുകളയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഗൾഫ് പ്രവാസം തിരിച്ചടി നേരിടുമ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് സാധ്യത കൂടുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞു പുതിയ സാങ്കേതിക വിദ്യകളും ഭാഷകളും പരിശീലിപ്പിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കണം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആറര ലക്ഷം പ്രവാസികൾ മടങ്ങി വന്നെന്നാണ് കണക്കുകൾ. ഇത്രയും പേർ തൊഴിൽ രഹിതരാകുന്നത് അവരുടെ കുടുംബത്തിനും സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക വികാസത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. അതിനാൽ തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം രാഷ്ട്രീയപാർട്ടികൾ മുഖ്യ അജണ്ടയായി എടുക്കണം. പ്രവാസികളുടെ യഥാർത്ഥ കണക്കെടുക്കാൻ സമ്പൂർണ സർവേ നടത്തണം. പ്രവാസിയുടെ ജീവിത ചുറ്റുപാടോ സാമൂഹിക അവസ്ഥയോ ആരും പരിഗണിക്കുന്നില്ല. പ്രവാസി സമ്പത്ത് വിനിയോഗിക്കുന്നതോടൊപ്പം അവരുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് വ്യക്തമാക്കേണ്ടതുണ്ട്. അതിനായി ഒരു പ്രവാസി നയം രൂപപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ് മൂന്നിയൂർ, ജനറൽ സെക്രടറി കെ പി ഇമ്പിച്ചി മമ്മു ഹാജി, ട്രഷറർ കാപ്പിൽ മുഹമ്മദ് പാശ, വൈസ് പ്രസിഡണ്ടുമാരായ കെ സി അഹ്‌മദ്, ഉമയനല്ലൂർ ശിഹാബുദ്ദീൻ, ജില്ലാ പ്രസിഡണ്ട് എ പി ഉമർ, ജനറൽ സെക്രടറി ഖാദർ ഹാജി ചെങ്കള പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Pravasi League, Committee, Panchayath, Welfare fund, State- Committee, Pension, Gulf, Education, Fine, Leader, Press meet, Standing committees for expatriates should be formed in the panchayats; Welfare Fund should be reformed - Kerala Pravasi League.
< !- START disable copy paste -->