ബാങ്കുകള്‍ വഴിയുള്ള പണമിടപാട് വേഗത്തിലാക്കാനൊരുങ്ങി സൗദി
റിയാദ്: (www.kasargodvartha.com 21.02.2021) ബാങ്കുകള്‍ വഴിയുള്ള പണമിടപാട് വേഗത്തിലാക്കാനൊരുങ്ങി സൗദി. തിങ്കളാഴ്ച മുതലാണ് മിനിറ്റുകള്‍ക്കകം തന്നെയുള്ള പണമിടപാട് സാധ്യമാകുക. നിലവില്‍ പണം അയച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് അകൗണ്ടിലേക്ക് പണമെത്തുന്നത്. സൗദിയിലെ വ്യത്യസ്ഥങ്ങളായ ബാങ്കുകള്‍ക്കിടയില്‍ ലോകല്‍ ട്രാന്‍സ്ഫര്‍ ഇനി വേഗത്തില്‍ തന്നെ നടത്താനാകും. ഇതിനുള്ള അംഗീകാരം സെന്‍ട്രല്‍ ബാങ്ക് നല്‍കി.
തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പദ്ധതി വിവിധ സൗദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് നടപ്പാക്കുന്നത്. ഇതോടെ വിവിധ ബാങ്കുകള്‍ക്കിടയില്‍ സാമ്പത്തിക കൈമാറ്റം തല്‍ക്ഷണം പൂര്‍ത്തിയാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇത് ഗുണകരമാകും.
ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും മുഴുവന്‍ സമയവും പുതിയ സേവനം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദി പേയ്മെന്റ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കല്‍ ആക്റ്റിവേറ്റ് ചെയ്താല്‍ മതി. ഇതിനുള്ള ഫീസ് നിലവിലെ ട്രാന്‍സ്ഫര്‍ ഫീസിനെക്കാളും കുറവായിരിക്കും.
Keywords: Riyadh, news, Gulf, World, Top-Headlines, Bank, Saudi Arabia to introduce faster interbank instant money transfers this month