Reason of Siddique’s Murder | സിദ്ദീഖിന്റെ കൊലപാതകത്തിലെത്തിയ ഡോളര്‍ കള്ളക്കടത്തിന്റെ കഥയിങ്ങനെ'; വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായവര്‍; പിന്നില്‍ വമ്പന്‍ സ്രാവുകള്‍?
Jun 29, 2022, 22:23 IST
പൈവളിഗെ: (www.kasargodvartha.com) മുഗു സ്വദേശിയും ദുബൈ പ്രവാസിയുമായ അബൂബകര്‍ സിദ്ദീഖിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് കാരണമായി പറയുന്ന ഡോളര്‍ കള്ളക്കടത്തിന്റെ സംഭവങ്ങൾ പുറത്ത്. കള്ളക്കടത്തിന് പിന്നില്‍ വമ്പന്‍ സ്രാവുകളാണ് പ്രവര്‍ത്തിച്ചതെന്നും കൊലപാതകം നടക്കുന്നതിന് 10 ദിവസം മുമ്പാണ് ഡോളര്‍ കള്ളക്കടത്തിനുള്ള പദ്ധതി തയ്യാറായതെന്നുമാണ് വിവരം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാവല്‍ ഏജന്‍സി നടത്തുന്ന രണ്ടുപേരാണ് ഗള്‍ഫിലേക്ക് പോകുന്നവരെ വെച്ച് ഡോളര്‍ കള്ളക്കടത്ത് ആസൂത്രണം ചെയ്യുന്നതെന്നാണ് അറിയുന്നത്.
ഒപ്പമുണ്ടായിരുന്നവർ പറയുന്നതിങ്ങനെ
'സാധാരണ ഗതിയില്‍ ബിസിനസ് ആവശ്യത്തിനായി ഡിക്ലറേഷൻ ഇല്ലാതെ 5000 ഡോളര്‍ വരെ നിയമപ്രകാരം കൊണ്ടുപോകാന്‍ കഴിയുന്നതാണ്. എന്നാല്‍ 15000 ഡോളര്‍ വരെ ഒളിപ്പിച്ചു കടത്തുന്നവര്‍ക്ക് 8000 രൂപ വരെയാണ് കള്ളക്കടത്ത് സംഘം നല്‍കുന്നത്. ഏകദേശം 10 ലക്ഷം ഇന്‍ഡ്യന്‍ രൂപയ്ക്ക് മുകളിലാണ് 15000 ഡോളറിന്റെ മൂല്യം. കൊണ്ട് പോകുന്ന ബാഗേജില്‍ പ്രത്യേകം സ്ഥലത്താണ് ഇത് തുന്നി വയ്ക്കുന്നത്. കൊണ്ട് പോകുന്നവര്‍ക്ക് പോലും ഇത് പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ല. ഭാരിച്ച ടികറ്റ് ചാര്‍ജില്‍ നിന്നും അല്‍പം ആശ്വാസം കണ്ടെത്താനാണ് പലരും ഈ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാകുന്നത്.
കൊല്ലപ്പെട്ട സിദ്ദീഖിന്റെ സഹോദരന്‍ അൻവറിനെയും നാട്ടുകാരനായ ആരിഫിനെയും ട്രാവൽ ഉടമകൾ നൽകിയ വസ്തുക്കൾ കൊണ്ടുപോവാൻ ഏർപ്പാടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് ബാഗേജ് ആണ് അവർക്ക് ലഭിച്ചത്. ട്രാവല്‍ ഏജന്‍സി ഉടമ നല്‍കിയ ബാഗേജ് കൊണ്ടുപോയത് സിദ്ദീഖിന്റെ ബന്ധു അന്‍സാരിയാണ്. ആരിഫ് ഒരു ദിവസം മുമ്പ് തന്നെ ലഗേജിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് തൃശൂരില്‍ പോയി കോഴിക്കോട് എത്തിയിരുന്നു. ഇതിനിടയില്‍ ആരിഫിന്റെ പിതാവ് പെട്ടെന്ന് മരണപ്പെട്ടതിനാല്‍ ആരിഫ് യാത്ര റദ്ദാക്കി തിരിച്ചുവന്നു. അതോടെ അന്‍സാരി തന്നെ രണ്ട് ബാഗും ദുബൈയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ബാഗേജ് കൊണ്ടുപോയയാള്‍ക്ക് ഒരു തരത്തിലുള്ള വിവരവും ഡോളറിനെ കുറിച്ചറിഞ്ഞിരുന്നില്ല.
അന്‍സാരി ഗള്‍ഫിലെത്തി സിദ്ദീഖിന് അത് കൈമാറി. അവിടെവെച്ച് സിദ്ദീഖ് ട്രാവലുടമകളുടെ ആളുകളെ വരാന്‍ പറഞ്ഞ് കൊണ്ട് വന്ന ബാഗേജ് അങ്ങനെ തന്നെ ഏല്‍പിക്കുകയായിരുന്നു. കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കളാണ് ബാഗേജ് ഏറ്റുവാങ്ങി കൊണ്ടുപോയത്. ബാഗേജ് കൊണ്ട് പോയി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അതില്‍ ഡോളറില്ലെന്നും പകരം വൈറ്റ് പേപര്‍ മാത്രമാണ് ഉള്ളതെന്നും സിദ്ദീഖിനെ ട്രാവലുടമകളുടെ ആളുകള്‍ അറിയിക്കുന്നത്. പൊട്ടിക്കാത്ത ബാഗേജില്‍ ഡോളറില്ലെങ്കില്‍ തങ്ങളെങ്ങനെ കുറ്റക്കാരാകുമെന്ന് ചോദിച്ചതോടെ ഇവര്‍ തമ്മില്‍ വെല്ലുവിളിയും വാക് തര്‍ക്കവുമുണ്ടായി. എടുക്കാത്ത കാശ് തനെങ്ങനെ തരുമെന്നായിരുന്നു സിദ്ദീഖിന്റെ ചോദ്യം. 20 ലക്ഷം രൂപയോളം വില വരുന്ന ഡോളറാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. പിന്നീടാണ് പ്രശ്‌നം തീര്‍ക്കാന്‍ ഡോളര്‍ കടത്തുസംഘം പൈവളിഗെ സംഘത്തിന് ക്വടേഷന്‍ നല്‍കിയത്.
👁🗨 വാര്‍ത്തകള്‍ നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാം
https://chat.whatsapp.com/Hy4ufyAlyHc7k6duRwX0yo
പൈവളിഗെയിലെ റഈസ്-നൂര്‍ശാ ക്വടേഷന്‍ സംഘം നേരത്തെ പരിചയമുള്ള സിദ്ദീഖിനോട് പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞു. ഇതിന്റെ ഭാഗമായി ഡോളര്‍ കൊണ്ട് പോയ അന്‍സാരിയേയും കൈമാറിയ അന്‍വറിനേയും തങ്ങളുടെ അടുത്തെത്തിക്കാന്‍ ആവശ്യപ്പെട്ടു. പോയില്ലെങ്കില്‍ ഇവര്‍ വീട്ടില്‍ എത്തി പ്രശ്‌നം ഉണ്ടാക്കുന്നത് കൊണ്ട് അന്‍സാരിയെ കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലേക്ക് അയച്ചു. നാട്ടിലെത്തിയ ശേഷം അന്‍സാരിയേയും അന്‍വറിനെയും നാട്ടിലെ യുവാക്കളുടെ സഹായത്തോടെ, സിദ്ദീഖ് വിളിച്ച് പറഞ്ഞത് പ്രകാരം പൈവളിഗെ ക്വടേഷന്‍ സംഘത്തിന്റെ അടുക്കലയച്ചു. അവരുടെ കസ്റ്റഡിയില്‍ കിട്ടിയ ഉടനെ നന്നായി മര്‍ദിച്ചു. വന്നെത്തിയത് മുതല്‍ ഫോണുകൾ പിടിച്ചുവച്ചതിനാല്‍ സിദ്ദീഖിനെ നേരിട്ട് ബന്ധപ്പെടാന്‍ ഇവരെ സംഘം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഉമ്മയും ഭാര്യയും വിളിച്ചാല്‍ ഫോണെടുപ്പിക്കുകയും ക്വടേഷന്‍ സംഘം ആജ്ഞാപിക്കുന്നത് പോലെ തങ്ങള്‍ സുരക്ഷിതരാണെന്നും കുഴപ്പമൊന്നുമില്ലെന്നും പറയിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസമാണ് ഇവര്‍ക്ക് തടങ്കലിൽ മര്‍ദനമേല്‍ക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇരുവരും സംഘത്തിന്റെ കസ്റ്റഡിയിലായത്.
ഇവരെ ചോദ്യം ചെയ്ത് ഒന്നും കിട്ടാതായതോടെ സിദ്ദീഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞായാറഴ്ച രാവിലെ നാട്ടിലെത്തിയപ്പോള്‍ നൂര്‍ശാ വിളിച്ച് തിരക്കിട്ട് വരേണ്ടന്നും വിശ്രമിച്ച് ഉച്ചക്ക് ശേഷം വന്നാല്‍ മതിയെന്നും പറഞ്ഞിരുന്നു. റഈസും ദുബൈയില്‍ നിന്നും സിദ്ദീഖിന് മെസേജ് അയച്ച് നിങ്ങളുടെ രോമത്തിന് പോലും ഒരു പോറല്‍ പോലും ഏല്‍ക്കില്ലെന്നും അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെയാണ് സിദ്ദീഖ് ഇവരുടെ സങ്കേതത്തില്‍ എത്തിയത്. പോകുന്നതിന് മുമ്പ് മറ്റൊരു സഹോദരനോട് സിദ്ദീഖ് താന്‍ ഒരു കള്ളത്തരവും ചെയ്തിട്ടില്ലെന്നും പോയില്ലെങ്കില്‍ തന്നെ കള്ളനായി ചിത്രീകരിക്കുമെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നാണ് അറിയിച്ചത്. അവിടെയെത്തിയപ്പോള്‍ തന്നെ കാട്ടിലേക്ക് കൊണ്ടുപോയി സിദ്ദീഖിനെ തലകീഴായി കെട്ടിത്തൂക്കി ഭീകരമായി മർദനം തുടങ്ങി. സിദ്ദീഖിന്റെ മുമ്പില്‍ നഗ്നനാക്കി നിര്‍ത്തി സഹോദരനേയും മര്‍ദിച്ചു.
വൈകിട്ട് 5.30 മണിയോടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന ദുബൈയിലേക്ക് ക്വടേഷന്‍ സംഘം വിളിച്ച് സിദ്ദീഖ് പണമെടുത്തിട്ടുണ്ടെന്ന് സമ്മതിച്ചതായി അറിയിച്ചു. സിദ്ദീഖിന്റെ കസിന്‍ വഴി പൈവളിഗെ സംഘത്തെ നിയന്ത്രിക്കുന്ന നപ്പട്ട റഫീഖുമായി സംസാരിച്ച് സിദ്ദീഖിനെ ബന്ധപ്പെട്ടപ്പോള്‍ മര്‍ദനം കൊണ്ടാണ് താന്‍ ഇത് സമ്മതിക്കുന്നതെന്നും സമ്മതിച്ചില്ലെങ്കിൽ ഇവര്‍ അടി നിര്‍ത്തുന്നില്ലെന്നും പറഞ്ഞു. വീട് വിറ്റെങ്കിലും താന്‍ ഇവര്‍ക്ക് പണം കൊടുക്കാമെന്നും നപ്പട്ട റഫീഖിനെ അറിയിച്ചു. അല്ലാതെ താന്‍ പണമെടുത്തിട്ടില്ലെന്നും ആണയിട്ടു പറഞ്ഞു. വീട് വിറ്റ് കിട്ടുന്ന പണം നല്‍കുന്നതുവരെ കാത്തു നില്‍ക്കാനാവില്ലെന്നും എടുത്ത പണം തന്നെ കിട്ടണമെന്ന് പറഞ്ഞ് വീണ്ടും അടി തുടങ്ങിയതോടെ തനിക്ക് ശ്വാസം മുട്ടുന്നുവെന്നും ഒരു ഗ്ലാസ് വെള്ളം വേണമെന്ന് പറഞ്ഞിട്ട് പോലും വെള്ളം കൊടുക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. ഇതോടെ ശ്വാസതടസം മൂലം സിദ്ദീഖ് അബോധാവസ്ഥയിലായി. സിദ്ദീഖ് മരിച്ചു എന്ന് ഏറെക്കുറെ ഉറപ്പിച്ച ഇവര്‍ ക്വടേഷന്‍ കൊടുത്ത റിയാസിനെ വിളിച്ച് സിദ്ദീഖിനെ ഏല്‍പിക്കുകയായിരുന്നു. റിയാസിന്റെ രണ്ട് കൂട്ടാളികളാണ് സിദ്ദീഖിനെ പെട്ടെന്ന് കാറില്‍ ബന്തിയോട് ഡിഎം ആശുപത്രിയിലെത്തിച്ചത്. ക്വടേഷന്‍ സംഘം ദുബൈയിലേക്ക് വിളിച്ച് സിദ്ദീഖിന് ബോധം നഷ്ടപ്പെട്ടുവെന്നും ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ടെന്നും അറിയിച്ചത്. സിദ്ദീഖിന്റെ കസിനാണ് വിവരം നാട്ടില്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയിലെത്തുമ്പോഴേക്കും സിദ്ദീഖ് മരിച്ചിരുന്നു. ഇതിനിടയില്‍ കസ്റ്റഡിയിലുണ്ടായിരുന്ന സഹോദരന്‍ അന്‍വറിനേയും ബന്ധു അന്‍സാറിനേയും പൈവളിഗെ ടൗണില്‍ ഇറക്കിവിട്ട് പോകാൻ 1500 രൂപയും നല്‍കി. ഇവര്‍ ഓടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്. അവര്‍ക്കും ആശുപത്രിയിലെത്തിയ ശേഷമാണ് സിദ്ദീഖ് മരിച്ച വിവരം പോലും അറിയുന്നത്'.
ഒപ്പമുണ്ടായിരുന്നവരുടെ ഈ വെളിപ്പെടുത്തലുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ടുപേർ കേസിൽ അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ പ്രതികളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
Keywords: News, Kerala, Kasaragod, Top-Headlines, Gulf, Smuggling, Crime, Investigation, Police, Murder-case, UAE, Accused, Business, Siddique’s Murder, Reason of Siddique’s Murder. < !- START disable copy paste -->