Qatar World Cup | ഖത്വർ ലോകകപ്: സ്റ്റേഡിയം 974 ന്റെ നെറ്റ്‌വർക് എൻജിനീയറിങ് വിഭാഗം കൈകാര്യം ചെയ്യുന്നത് കാസർകോട് സ്വദേശി; അഭിമാനമായി റസീൻ സീതിരക്കത്ത്
ദോഹ: (www.kasargodvartha.com) ലോകകപ് ഫുട്ബാൾ ആരവം ലോകമെമ്പാടും അലയടിക്കുമ്പോൾ ഇങ്ങ് ഫുട്ബാളിന്റെ കളിത്തൊട്ടിലായ തൃക്കരിപ്പൂരിനും അഭിമാനിക്കാം. ലോകോത്തര നിലവാരമുള്ള സ്റ്റേഡിയം നിർമിച്ച് ജനശ്രദ്ധ പിടിച്ചു പറ്റിയ ഖത്വർ ഫുട്ബോൾ അസോസിയേഷന്റെ കണ്ടെയ്നറുകളാൽ നിർമിതമായ മൈതാനമാണ് സ്റ്റേഡിയം 974.
ഇതിന്റെ നെറ്റ്‌വർക് വിഭാഗത്തിന്റെ ചുമതലയുള്ള രണ്ട് നെറ്റ്‌വർക് എൻജിനീയർമാരിൽ ഒരാൾ തൃക്കരിപ്പൂർ നീലമ്പം സ്വദേശി റസീൻ സീതിരക്കത്താണ്. ചെന്നൈയിൽ നിന്നും കംപ്യൂടർ സയൻസിൽ എൻജിനീയർ ബിരുദം നേടിയ റസീൻ ലോകകപിന്റെ എട്ട് സ്റ്റേഡിയങ്ങളുടേയും നെറ്റവർക് കൈകാര്യം ചെയ്യുന്ന മാന്നായി കോർപറേഷനിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ചുമതലയേറ്റത്.
ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഇത്തരമൊരു പ്രധാന ടൂർണമെന്റിൽ നിർണായക ചുമതല വഹിക്കാനായത് അഭിമാനമായി കാണുന്നുവെന്ന് റസീൻ കാസർകോട് വാർത്തയോട് പറഞ്ഞു. ഫുട്‍ബോളിനെ നെഞ്ചിലേറ്റി ലാളിക്കുന്ന ഗ്രാമത്തിൽ നിന്നുള്ള ഒരാളെന്ന നിലയിൽ ഈ ചുമതല ഏറെ സന്തോഷം പകരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
974 റീസൈകിൾ ചെയ്ത ഷിപിംഗ് കണ്ടെയ്‌നറുകളിൽ നിന്നാണ് സ്റ്റേഡിയത്തിന് 974 എന്ന പേര് ലഭിച്ചത്. ഫിഫ ലോകകപിന്റെ ചരിത്രത്തിലെ ആദ്യത്തെ താത്കാലിക വേദിയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇവിടെ തത്സമയം 40,000 പേർക്ക് മത്സരം കാണാനാകും. ആകെ ഏഴ് മത്സരങ്ങൾ നടക്കും, അതിനുശേഷം സ്റ്റേഡിയം പൊളിക്കും.
തൃക്കരിപ്പൂർ നീലമ്പത്തെ അബ്ദുസ്സലാം - സബൂറ ദമ്പതികളുടെ മകനാണ്. സഹോദരൻ: റസീൽ.
Keywords: Qatar World Cup: Kasaragod native Managing Network Engineering Department of Stadium 974, Doha,news,International,Qatar,Gulf,Football,Sports,Kasaragod, FIFA-World-Cup-2022.