ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിനെ കീഴ്‌പെടുത്തി ദുബൈ പൊലീസ്
Mar 5, 2021, 11:00 IST
ദുബൈ: (www.kasargodvartha.com 05.03.2021) ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കീഴ്‌പെടുത്തി ദുബൈ പൊലീസ്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവാവ് ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് തീകൊളുത്തി വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്ന് റാഷിദിയ്യ പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ബ്ന്‍ സുലൈമാന്‍ പറഞ്ഞു. യുവാവ് ഭീഷണി മുഴക്കിയ സമയത്ത് കുട്ടികളും ജോലിക്കാരിയുള്‍പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു.
ജോലിക്കാരി ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ച് പ്രത്യേക പൊലീസ് ടീം സ്ഥലത്തെത്തുമ്പോള്‍ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കൈയില്‍ ലൈറ്ററുമായി ഭീഷണി തുടരുന്ന യുവാവിനെയാണ് കാണാനായത്. ഇതിനിടെ പൊലീസ് വാഹനത്തിന് നേരേയും ഇയാള്‍ അക്രമം നടത്തി. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗ്യാസ് സിലിന്‍ഡര്‍ വളരെ വേഗത്തില്‍ അടച്ചതിനാല്‍ വന്‍ ദുരന്തം വഴിമാറി.
മാനസിക വിഭ്രാന്തിയുള്ള പ്രതി മുമ്പ് നേരത്തെ ചികിത്സ തേടിയിട്ടുണ്ടെന്നും ഏറെക്കാലമായി തൊഴില്‍രഹിതനായി തുടരുന്നതിലെ അസ്വസ്ഥതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ബ്രിഗേഡിയര്‍ സഈദ് ബ്ന്‍ സുലൈമാന്‍ വ്യക്തമാക്കി. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പൊലീസ് മാനസികാരോഗ്യ ചികിത്സയ്ക്ക് അയച്ചു.
Keywords: Dubai, news, Gulf, World, Top-Headlines, Police, arrest, Threatened, Treatment, Man threatens to blow up house with gas cylinder in Dubai