ഇസ്രാഈല്‍ പ്രധാനമന്ത്രി യുഎഇയില്‍; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്തലി ബെനെറ്റ്
ദുബൈ: (www.kasargodvartha.com 13.12.2021) ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെനെറ്റ് യുഎഇയിലെത്തി. ഞായറാഴ്ച രാത്രി അബൂദബി വിമാനത്താവളത്തില്‍ എത്തിയ ബെനെറ്റിനെ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് സ്വീകരിച്ചു.
ആദ്യമായാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഗള്‍ഫ് രാഷ്ട്രം സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്തലി ബെനെറ്റ് അറിയിച്ചു.
മുഹ് മദ് ബിന്‍ സായിദിന്റെ ക്ഷണപ്രകാരമാണ് ബെനെറ്റിന്റെ സന്ദര്‍ശനം. അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂടി സുപ്രീം കമാന്‍ഡെറുമായ ശൈഖ് മുഹ് മദ് ബിന്‍ സായിദ് ആല്‍ നെഹ്‌യാനുമായി കൂടിക്കാഴ്ച നടത്തും.
ഇറാന്‍- ഇസ്രാഈല്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ചര്‍ച്ചയെ നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളും യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്നത് യുഎഇയാണ്. യുഎഇ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് കഴിഞ്ഞ ദിവസം ഇറാനിലെത്തി പ്രസിഡന്റ് ഇബ്രാഹീം റഈസിയെ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, യുഎഇയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് അമേരികയുടെ മധ്യസ്ഥതയിലുള്ള കരാറില്‍ ഇസ്രാഈല്‍ ഒപ്പുവച്ചിരുന്നു. നയതന്ത്ര ബന്ധം രൂപപ്പെടുത്തി ഒരു വര്‍ഷമാകുന്ന ഘട്ടത്തിലാണ് ബെനെറ്റിന്റെ യുഎഇ സന്ദര്‍ശനം. ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങള്‍ക്കുശേഷം ഇസ്രാഈലുമായി സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമായി യുഎഇ കഴിഞ്ഞ വര്‍ഷം മാറി.
Keywords: News, World, Top-Headlines, Gulf, UAE, Dubai, Israeli PM Naftali Bennett begins first official visit to UAE