സഊദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി യുവതി കാറിടിച്ചു മരിച്ചു
റിയാദ്: (www.kasargodvartha.com 06.03.2022) ഇന്‍ഡ്യന്‍ പ്രവാസി യുവതി സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കഡപ്പ സ്വദേശിനി തല്ലപ്പക സുജാനയാണ് മരിച്ചത്. തുമാമ ഹൈവേയില്‍ റോഡ് മുറിച്ചുകടക്കവെ കാറിടിച്ചാണ് അപകടം.
തന്റെ മൂന്നു വയസ് പ്രായമുള്ള കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു യുവതി. ഇതിനിടെയാണ് സംഭവം. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ കേകും പലഹാരങ്ങളും തയ്യാറാക്കിയിരുന്നു. മറ്റ് ചില സാധനങ്ങള്‍ വാങ്ങാന്‍ താമസ സ്ഥലത്തിനടുത്തുള്ള ഫ്ളവര്‍ ഷോപിലേക്ക് റോഡ് മുറിച്ചുകടന്ന് പോവുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
റിമാല്‍ പൊലീസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഭര്‍ത്താവ് വിവരമറിഞ്ഞത്. സുജാനയും മകനും സന്ദര്‍ശക വിസയില്‍ സഊദി അറേബ്യയിലെത്തിയതാണ്. സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന കിരണ്‍ ആണ് ഭര്‍ത്താവ്.
മൃതദേഹം ശുമൈസി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ എം സി സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ്, ദഖ്‌വാന്‍, കിരണിന്റെ സുഹൃത്തുക്കളായ രതീഷ്, പുരുഷോത്തമന്‍ എന്നിവര്‍ രംഗത്തുണ്ട്.
Keywords: News, World, International, Accident, Accidental Death, Gulf, Saudi Arabia, Riyadh, Top-Headlines, Indian expat woman died in an accident in Saudi Arabia while crossing road