Celebration | വ്രതാനുഷ്ഠാനത്തിൻ്റെ പവിത്രതയോടെ ഈദുൽ ഫിത്വർ ആഘോഷത്തിൽ ഗൾഫ് ലോകം
● ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
● ഹറം പള്ളികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ഈദ് നിസ്കാരത്തിൽ പങ്കെടുത്തു.
● പ്രവാസികളും ഈദുൽ ഫിത്ർ നിറവിലാണ്.
അശ്‌റഫ് സീനത്ത്
ദുബൈ: (KasargodVartha) ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഈദുൽ ഫിത്ർ ആഘോഷത്തിൽ. പെരുന്നാൾ നിസ്‌കാരത്തിനായി വിശ്വാസികൾ പുലർച്ചെ തന്നെ പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും ഒഴുകിയെത്തി. മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറം പള്ളികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ഈദ് നിസ്കാരത്തിൽ പങ്കെടുത്തു. ഗൾഫ് മേഖലയിൽ വലിയ ആവേശത്തോടെയാണ് ഈദുൽ ഫിത്റിനെ വരവേറ്റത്.
സൗദി അറേബ്യയിലെ മധ്യപ്രവിശ്യയായ തുമായറിൽ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് സൗദിയിൽ ആദ്യമായി ഈദുൽ ഫിത്ർ പ്രഖ്യാപിച്ചത്. പിന്നാലെ യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും ഈദുൽ ഫിത്ർ ആഘോഷം ഞായറാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. മാസപ്പിറവി കണ്ടതോടെ വിശ്വാസികൾ തക്ബീർ ധ്വനികളാൽ അന്തരീക്ഷം മുഖരിതമാക്കി.
പെരുന്നാളിനോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിലും നഗരങ്ങളിലും വർണാഭമായ വെടിക്കെട്ട് പ്രകടനങ്ങൾ നടന്നു. ആകാശത്ത് വർണങ്ങൾ വിരിയിച്ചുള്ള ഈ കാഴ്ചകൾക്ക് ആയിരക്കണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്. കൂടാതെ, നഗരങ്ങളും പ്രധാന കെട്ടിടങ്ങളും ആകർഷകമായ ദീപാലങ്കാരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ഈദ് പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികളും ഈദുൽ ഫിത്ർ നിറവിലാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് ഒത്തുചേർന്ന് പലഹാരങ്ങൾ പങ്കുവെച്ചും സന്തോഷം പ്രകടിപ്പിച്ചും ആളുകൾ ഈ സുദിനം ആഘോഷിക്കുന്നു.
വിവിധയിടങ്ങളിൽ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ തുർക്കി, യെമൻ, പലസ്തീൻ, സുഡാൻ, ലെബനൻ (സുന്നി വിഭാഗം), ഇറാഖിലെ കുർദിസ്ഥാൻ റീജിയൻ എന്നിവിടങ്ങളിലും ഞായറാഴ്ച ഈദുൽ ഫിത്ർ ആഘോഷിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഈദ് ആശംസകൾ നേരുകയും പൗരന്മാർക്ക് സന്തോഷം നിറഞ്ഞ ഈദ് ആശംസിക്കുകയും ചെയ്തു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.
Gulf countries celebrate Eid al-Fitr after a month of fasting. Thousands gathered for Eid prayers, and cities were filled with festive fireworks and decorations.
#EidAlFitr, #GulfCelebrations, #EidMubarak, #Festival, #MuslimCelebration, #Celebration