city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫ് പ്രവാസികള്‍ ദുരിതക്കയത്തില്‍, രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കളനാട് യു എ ഇ മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്കും, കേന്ദ്രമന്ത്രിക്കും കത്തയച്ചു

അബൂദാബി: (www.kasargodvartha.com 11.04.2020) കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് പ്രവാസികള്‍ ദുരിതക്കയത്തിലാണെന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കളനാട് യു എ ഇ മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി മുരളീധരനും കത്തയച്ചു.

ലോകമാകെ  കൊറോണ വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലും അവസ്ഥ ഭീകരമാണ്. അല്‍പ്പമെങ്കിലും നിയന്ത്രണവിധേയമായിട്ടുള്ളത് നമ്മുടെ കേരളത്തിലാണ്. അതിന് കേരള സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും മുഴുവന്‍ ജനങ്ങളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് തന്നെ കോവിഡ് 19 ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ല കൂടിയാണ് കാസര്‍കോട്. ഇതില്‍ കൂടുതലും ചെമ്മനാട് ഗ്രാമ പഞ്ചായത്തിലാണ്. അധികവും ഗള്‍ഫ് നാടുകളില്‍ നിന്ന് വന്നവരാണ്. ഇവര്‍ക്കൊക്കെ ആവശ്യമായ ചികിത്സയും സംരക്ഷവും നല്‍കാന്‍ സര്‍ക്കാര്‍ മുന്നിലുമുണ്ട്.

എന്നാല്‍ ഗള്‍ഫ് നാടുകളിലുള്ള മലയാളികള്‍ തീര്‍ത്തും ദുരിതമനുഭവിക്കുകയാണ്. പ്രത്യേകിച്ച് യു എ ഇലുള്ളവര്‍. നിരവധി പേര്‍ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ കഴിയുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ദുബൈയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദേര, നൈഫ് ഭാഗങ്ങളില്‍ സ്ഥിതി അതീവ ദയനീയമാണ്. ഓരോ മുറിയിലും പത്തും പതിനഞ്ചും ആളുകള്‍ താമസിക്കുന്ന ഇവിടെ വളരെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും കഴിഞ്ഞ് കൂടുന്നത്. ആഴ്ചകളായി ജോലിയില്ല. പുറത്തിറങ്ങാന്‍ വഴിയില്ല. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ആശ്രയം. അത് പോലും എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും ജമാഅത്ത് കമ്മിറ്റി കത്തില്‍ അറിയിച്ചു.

ഇതിലും ദയനീയമാണ് അബുദാബിയിലെ അവസ്ഥ. പതിനഞ്ചും ഇരുപതും ആള്‍ക്കാര്‍ താമസിക്കുന്ന ഫ്ളാറ്റുകളില്‍ മൂന്നോ നാലോ ആള്‍ക്കാര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍, അവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ അഞ്ചോ ആറോ ദിവസം എടുക്കും. അതുവരെ പോസിറ്റീവ് ആയവരും മറ്റുള്ളവരും ഒരേ ഫ്ളാറ്റില്‍ താമസിക്കേണ്ട അവസ്ഥയാണുള്ളത്. ഒരേ ബാത്റൂം ഉപയോഗിക്കേണ്ട അവസ്ഥ. ഇവിടെ മലയാളികള്‍ പേടിച്ചുകൊണ്ടാണ് കഴിയുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

പോസിറ്റീവ് ആയവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുവാനും മറ്റുള്ളവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുവാനും സൗകര്യമുണ്ടാവണം. പ്രവാസികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും, കേന്ദ്രസര്‍ക്കാറിലും യു എ ഇ ഭരണാധികാരികളിലും സ്വാധീനം ചെലുത്തി ദുരിതക്കയത്തില്‍ നിന്നും പ്രവാസികളെ കരകയറ്റണമെന്നും ഇ മെയിലിലൂടെ  ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ പി അബ്ബാസ്, സെക്രട്ടറി നൗഷാദ് മിഅ്റാജ് എന്നിവര്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് പരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്കും, അഞ്ച് എം പിമാര്‍ക്കും പുതുപ്പള്ളി എം എല്‍ എയ്ക്കും കത്തിന്റെ പകര്‍പ്പ് അയച്ചതായി ഭാരവാഹികൾ അറിയിച്ചു.

പ്രവാസ ലോകത്ത് കോവിഡ് ഭീതിയില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി രംഗത്തുളള കമ്മിറ്റി ഭാരവാഹികള്‍ക്ക് പുറമെ നാട്ടില്‍ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും വളരെ സജീവമായ ഇടപെടലുകളാണ് നടത്തിവരുന്നത്. പലവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി മരുന്നും 500 ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളുടെ കിറ്റും കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ആദ്യ ഘട്ടത്തില്‍ തന്നെ വിതരണം ചെയ്തിട്ടുണ്ട്.

ഗള്‍ഫ് പ്രവാസികള്‍ ദുരിതക്കയത്തില്‍, രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കളനാട് യു എ ഇ മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്കും, കേന്ദ്രമന്ത്രിക്കും കത്തയച്ചു


Keywords:  Kasaragod, news, Gulf, Top-Headlines, Trending, COVID-19, Kalanad, Gulf expatriates in Trouble; Kalanad UAE Muslim jamaath sent letter to CM 
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia