Gold seized | ബ്രെഡ് മേകറിന് അകത്ത് സ്വർണം കടത്തുന്നതിനിടെ യുവാവ് കസ്റ്റംസ് പിടിയിൽ; അറസ്റ്റിലായത് വിദേശത്ത് നിന്ന് കണ്ണൂരിൽ വിമാനമിറങ്ങി കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് പുറത്തിറങ്ങി ട്രെയിനിൽ കാസർകോട് എത്തിയപ്പോൾ
Feb 3, 2023, 12:06 IST
കാസർകോട്: (www.kasargodvartha.com) ബ്രെഡ് മേകറിന് അകത്ത് സ്വർണം കടത്തുന്നതിനിടെ കാസർകോട് സ്വദേശി കാസർകോട്ട് വെച്ച് തന്നെ കസ്റ്റംസ് പിടിയിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫാഇസ് (33) ആണ് അറസ്റ്റിലായത്. പിടികൂടിയ സ്വർണത്തിന് 76 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. ബ്രെഡ് മേകറിന് അകത്ത് സമർഥമായി ഒളിപ്പിച്ച് വളച്ചുവെച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയുള്ള വിമാനത്തിലാണ് ഫാഇസ് കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയത്. ഇവിടെ കസ്റ്റംസ് ക്ലിയറൻസിൽ സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയിൽ കാസർകോട് കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്ന് ഏറനാട് എക്‌സ്പ്രസിൽ വൈകീട്ട് 4.30ന് കാസർകോട് സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ കസ്റ്റംസ് പിടികൂടുകയായിരുന്നു.
പരിശോധനയിലാണ് ബ്രെഡ് മേകറിന് അകത്ത് ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ട് പിപി രാജീവ്, ഹവിൽദാർമാരായ കെ ചന്ദ്രശേഖര, കെ ആനന്ദ്, എം വിശ്വനാഥ് എന്നിവരാണ് സ്വർണ വേട്ട നടത്തിയത്.
Keywords: Latest-News, Top-Headlines, Kasaragod, Kerala, Gold, Seized, Custody, Arrested, Railway station, Airport, Gulf, Gold seized; one arrested.