ഖത്വറില്‍ രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം തികഞ്ഞ എല്ലാവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസ്
ദോഹ: (www.kasargodvartha.com 15.11.2021) ഖത്വറില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം തികഞ്ഞ എല്ലാവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂര്‍ത്തിയാക്കിയവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് പ്രതിരോധ ശേഷി നിലനിര്‍ത്താമെന്നാണ് പുതിയ നിര്‍ദേശം. നേരത്തെ എട്ടുമാസമായിരുന്നു ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനുള്ള കാലയളവ്.
ശാസ്ത്രീയ പഠനങ്ങളുടെയും, കൂടുതല്‍ ക്ലിനികല്‍ ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്റെ കാലയളവില്‍ മാറ്റം വരുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിടുമ്പോള്‍ തന്നെ അടുത്ത ഡോസ് കൂടി എടുക്കുന്നതോടെ കൊറോണ വൈറസിനെതിരെ ശരീരത്തില്‍ പ്രതിരോധ ശേഷം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍.
പുതിയ നിര്‍ദേശ പ്രകാരം രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂര്‍ത്തിയാക്കിയവര്‍ പ്രായംപരിഗണിക്കാതെ തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യരായി മാറും. ഇവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ എടുത്ത് തുടങ്ങാമെന്ന് മന്ത്രാലയം വ്യക്തമാക്കി.