വ്യാജ പാസ്‌പോര്‍ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശിക്ക് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി
ദുബൈ: (www.kasargodvartha.com 28.04.2021) വ്യാജ പാസ്‌പോര്‍ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശിക്ക് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. ആറ് മാസം തടവും ഒന്നര ലക്ഷം ദിര്‍ഹം പിഴയുമാണ് ദുബൈ ക്രിമിനല്‍ കോടതി 25കാരനായ വിദേശിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം യുവാവിനെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വ്യാജമായി ഉണ്ടാക്കിയ ഫ്രഞ്ച് പാസ്‌പോര്‍ടുമായി റോമിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവിനെതിരെ നടപടി.
കഴിഞ്ഞ മാസമായിരുന്നു സംഭവം. വ്യാജ പാസ്‌പോര്‍ടിലെ വിവരങ്ങള്‍ ഉപയോഗിച്ച് ടികറ്റ് ബുക് ചെയ്ത ശേഷം യുവാവ് ദുബൈ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ഇയാള്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌ക് വഴി ബോര്‍ഡിങ് പാസും നേടി. എന്നാല്‍ ബോര്‍ഡിങ് ഗേറ്റില്‍ പരിശോധന നടത്തിയ വിമാനക്കമ്പനി ഉദ്യോഗസ്ഥന് പാസ്‌പോര്‍ട് വ്യാജമാണെന്ന് മനസിലായതോടെ വിവരം പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു.