കോവിഡ്; വീണ്ടും റെഡ് ലിസ്റ്റ് പുറത്തിറക്കി ബഹ്റൈന്‍, യാത്രാവിലക്ക് 6 രാജ്യങ്ങള്‍ക്ക്
മനാമ: (www.kasargodvartha.com 27.11.2021) യാത്രാവിലക്ക് ഏര്‍പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി ബഹ്റൈന്‍. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ആറ് രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പെടുത്തിയത്. ദക്ഷിണാഫ്രിക, നമീബിയ, ലിസോതോ, ബോട്സ്വാന, ഈസ്വാതിനി, സിബാംവെ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നാഷനല്‍ ടാസ്ക്ഫോഴ്സിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അധികൃതര്‍ അറിയിച്ചു.
ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ബഹ്റൈനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. അതേസമയം ബഹ്റൈന്‍ പൗരന്മാര്, താമസക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രവേശന വിലക്കില്ലാത്തവര് രാജ്യത്തെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുകയും ക്വാറന്റീനില്‍ കഴിയുകയും വേണം.
റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നടപടിക്രമങ്ങള്‍ തുടരും. ആരോഗ്യ മന്ത്രാലയത്തിന്റെ healthalert(dot)gov(dot)bh എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പ്രവേശന മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാവുന്നതാണ്.
Keywords: Manama, News, Gulf, World, Top-Headlines, Ban, COVID-19, Covid-19: Bahrain suspends flights from 6 new countries