Air Taxis | യുഎഇയിൽ പറക്കും ടാക്സി സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു! ഒരു മണിക്കൂർ എടുക്കുന്ന യാത്രകൾ 10 മിനിറ്റായി ചുരുങ്ങും; നിരക്കും പ്രത്യേകതകളും അറിയാം
● കമ്പനിയുടെ സിഇഒ റമൺദീപ് ഒബെറോയ് ആണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.
● ഭൂരിഭാഗവും വെള്ളത്തിന് മുകളിലൂടെയായിരിക്കും യാത്ര, 30 മിനിറ്റിൽ താഴെ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
● 2025 മെയ് മാസത്തിൽ അൽ ഐനിൽ 3-4 മാസത്തേക്ക് പരിശീലന സർവീസ് ആരംഭിക്കും.
ദുബൈ: (KasargodVartha) അബൂദബി ആസ്ഥാനമായുള്ള ഫാൽക്കൺ എവിയേഷൻ സർവീസസ്, 2026 ജനുവരി ഒന്നിന് യുഎഇയിൽ പറക്കും ടാക്സി സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ സിഇഒ റമൺദീപ് ഒബെറോയ് ആണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. അമേരിക്കൻ ഇലക്ട്രിക് ഫ്ലയിങ് കാർ നിർമ്മാതാക്കളായ ആർച്ചർ ഏവിയേഷനുമായി ചേർന്ന് ദുബൈ, അബുദബി എന്നീ നഗരങ്ങളിൽ വെർട്ടിപോർട്ടുകൾ സ്ഥാപിക്കാനുള്ള കരാർ ഫാൽക്കൺ എവിയേഷൻ ഒപ്പുവച്ചിട്ടുണ്ട്.
ദുബൈ പാം ദ്വീപിലെ അറ്റ്ലാന്റിസിലും അബുദബി കോർണിഷിലെ മറീന മാൾ ഹെലിപോർട്ടിലും അത്യാധുനിക വെർട്ടിപോർട്ടുകൾ നിർമ്മിക്കാനാണ് ഈ കമ്പനികൾ പദ്ധതിയിടുന്നത്. ഇവയിക്കിടയിലായിരിക്കും എയർ ടാക്‌സിയുടെ സർവീസ്. ഭൂരിഭാഗവും വെള്ളത്തിന് മുകളിലൂടെയായിരിക്കും യാത്ര, 30 മിനിറ്റിൽ താഴെ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
2026 ആദ്യ പാദത്തിൽ അബുദബിയിൽ ആദ്യത്തെ വാണിജ്യ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് ആർച്ചർ ഏവിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. 2025 മെയ് മാസത്തിൽ അൽ ഐനിൽ 3-4 മാസത്തേക്ക് പരിശീലന സർവീസ് ആരംഭിക്കും. തുടർന്ന് ഈ ടെസ്റ്റുകൾ അബുദബിയിലേക്ക് മാറ്റും. ചൂടുള്ളതും പൊടിയുള്ളതുമായ അവസ്ഥകളിൽ ആയിരിക്കും പരിശീലനം നടത്തുക.
അബുദബിയും ദുബൈയും പുതിയ ഗതാഗത മാതൃക അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. വളർന്നുവരുന്ന റോഡ് ഗതാഗത കുരുക്കിനെ നേരിടുന്നതിന് വരും വർഷങ്ങളിൽ എയര്‍ ടാക്സി സര്‍വീസുകള്‍ ആവശ്യമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ, എയര്‍ ടാക്സി സര്‍വീസുകള്‍ അബുദബിയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. 2026 മധ്യത്തോടെ അബുദബി-ദുബൈ, ദുബൈ-റാസൽ ഖൈമ, അൽ ഐൻ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് ഒരു വിപണി സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്.
സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ എയർ ടാക്സികൾ കാറിൽ 60-90 മിനിറ്റ് എടുക്കുന്ന യാത്രകൾ 10-30 മിനിറ്റായി ചുരുക്കിക്കൊണ്ട് ഗതാഗത രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് പേർക്ക് ഒരേസമയം യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും. അബുദബിയും ദുബൈയും ഈ പുത്തൻ ഗതാഗത സംവിധാനം നടപ്പിലാക്കുന്നതിൽ മുൻപന്തിയിലാണ്. യാഥാർഥ്യമാകുന്നതോടെ ഈ രണ്ട് നഗരങ്ങളും ലോകത്ത് ആദ്യമായി എയർ ടാക്സി സേവനം നടപ്പാക്കിയ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടും.
അബുദബി-ദുബൈ സർവീസിന് യാത്രക്കാരന് 1,000 ദിർഹം ഈടാക്കാനാണ് പ്രാഥമിക തീരുമാനമെന്ന് രമണ്‍ദീപ് ഒബ്റോയ് അറിയിച്ചു. നഗരത്തിനുള്ളിൽ 300 ദിർഹമായിരിക്കും ഈ നിരക്ക്. എന്നാൽ നിരക്കുകളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനം ആയിട്ടില്ല. ഈ പുതിയ ഗതാഗത സംവിധാനം യുഎഇയിലെ യാത്രക്കാർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
#UAE #AirTaxi #ElectricAircraft #AviationInnovation #Transportation #FalconAviation