city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്രിട്ടണും ഇറാനും പിടിച്ചെടുത്ത രണ്ട് കപ്പലുകളിലും മൂന്ന് വീതം മലയാളികള്‍; ഒരാള്‍ കാസര്‍കോട് സ്വദേശി

കാസര്‍കോട്: (www.kasargodvartha.com 21.07.2019) ബ്രിട്ടണും ഇറാനും പിടിച്ചെടുത്ത രണ്ട് കപ്പലുകളിലും മൂന്ന് വീതം മലയാളികള്‍ ഉള്ളതായി വിവരം പുറത്തുവന്നു. ഇതില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്. കാസര്‍കോട് ഉദുമ അച്ചേരി സ്വദേശി പി പ്രജിത് (28) ആണ് ഇക്കഴിഞ്ഞ ജൂലൈ നാലിന് ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് 1 എന്ന കപ്പലില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രജീഷിനെ കൂടാതെ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ കെ അജ്മലും, ഗുരുവായൂര്‍ സ്വദേശി റെജിനും ഈ കപ്പലില്‍ അകപ്പെട്ടിട്ടുണ്ട്.

അജ്മലാണ് ഈ വിവരം നാട്ടില്‍ അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്നും അജ്മല്‍ അറിയിച്ചിട്ടുണ്ട്. സിറിയയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന കപ്പല്‍ ജൂലൈ നാലിനാണ് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് എണ്ണ കടത്തിയതാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ കാരണമെന്നാണ് ബ്രിട്ടീഷ് നാവികസേന പറയുന്നത്. ഈ കപ്പല്‍ ഒരു മാസം തടങ്കലില്‍ വെക്കണമെന്നാണ് ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടത്. കപ്പലില്‍ കുടുങ്ങിക്കിടക്കുന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അച്ചേരിയിലെ റിട്ട. ബറോഡ ബാങ്ക് മാനേജര്‍ പുരുഷോത്തമന്റെ മകനും കപ്പലിലെ മൂന്നാം ഓഫീസറുമാണ് പ്രജിത്. 3 മാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്.

ഇതിനിടെയാണ് ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോ ഇറാന്‍ സേന പിടിച്ചെടുത്തത്. ഈ കപ്പലിലും മൂന്ന് മലയാളികള്‍ അടക്കം 18 ഇന്ത്യക്കാരുണ്ട്. ദുബൈയില്‍ നിന്നും സൗദിയിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിലുള്ള തൃപ്പുണിത്തുറ സ്വദേശി ഡിജോ പാപ്പച്ചന്‍ ഇറാന്റെ പിടിയിലാകുന്നതിന് മുമ്പ് 19ന് രാവിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മലയാളികളും കപ്പലിലുണ്ടെന്ന സൂചന ലഭിച്ചത്. ഡിജോയെ കൂടാതെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും, തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരു ജോലിക്കാരനും കപ്പലില്‍ ഉണ്ടെന്ന് ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞതായി ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ പറഞ്ഞു.

ഡിജോയുടെ പിതാവിനെ കപ്പല്‍ കമ്പനി ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. അതിനിടെ ബ്രിട്ടനിലുള്ള ഡിജോയുടെ സഹോദരി ദീപ പാപ്പച്ചന്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പല്‍ വിട്ട് ലഭിക്കുന്നതിന് ആവശ്യമായ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നുമാണ് കമ്പനി അറിയിച്ചത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്.

ഇന്ത്യന്‍ പൗരന്മാരെ വേഗത്തില്‍ മോചിപ്പിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാര്‍ പറഞ്ഞു. കപ്പല്‍ ഇറാന്റെ ഒരു മീന്‍പിടിത്ത ബോട്ടിനെ ഇടിച്ചതായി ഹോര്‍മുസ്ഗന്‍ പ്രവിശ്യയിലെ തുറമുഖ സമുദ്രകാര്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അല്ലാമൊറാദ് അഫിഫിപോറിനെ ഉദ്ധരിച്ച് ഇറാന്റെ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ബോട്ടിന്റെ ക്യാപ്റ്റന്‍ ബ്രിട്ടീഷ് കപ്പലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ സിഗ്നല്‍ നല്‍കിയില്ലെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

അപകടം വിളിച്ചുവരുത്തുന്നതാണ് ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിക്കും. കപ്പലുമായി ബന്ധപ്പെടാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇറാനിയന്‍ അധികൃതരുമായി അവിടത്തെ ബ്രിട്ടീഷ് സ്ഥാനപതി ബന്ധപ്പെട്ടുവരികയാണ്. സ്വീഡന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ കസ്റ്റഡിയിലുള്ളത്. ഹോര്‍മുസില്‍ ഇറാന്‍ പിടിച്ചെടുത്തശേഷം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് കമ്പനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ചെറിയ കപ്പലും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയും കപ്പല്‍ ഇറാന്റെ സമുദ്രമേഖലയിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്നാണ് പറയുന്നത്. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് സ്റ്റെന ബള്‍ക്കിന്റെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവുമായ എറിക് ഹാനെല്‍ അറിയിച്ചു. ബ്രിട്ടീഷ്, സ്വീഡിഷ് സര്‍ക്കാരുമായി വിഷയത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടണും ഇറാനും പിടിച്ചെടുത്ത രണ്ട് കപ്പലുകളിലും മൂന്ന് വീതം മലയാളികള്‍; ഒരാള്‍ കാസര്‍കോട് സ്വദേശി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Gulf, 6 Malayalees trapped in Ships seized by Britain and Iran
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia