Manama Fire | ബഹ്‌റൈനിലെ മനാമ സൂഖില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം; 25 ലധികം കടകള്‍ കത്തി നശിച്ചു, ആളപായമില്ല
മലയാളി സംഘടനകള്‍ സഹായ ഹസ്തവുമായി രംഗത്തെത്തി.
മലയാളികളടക്കമുള്ളവരുടെ നിരവധി ചെരുപ്പ് കടകളും റെഡിമെയ്ഡ് കടകളുമടക്കം കത്തി നശിച്ചു.
ആഭ്യന്തര മന്ത്രാലയ അധികൃതരും സംഭവ സഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മനാമ: (KasargodVartha) ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ സൂഖില്‍ ബുധനാഴ്ച (12.06.2024) വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തില്‍ 25 ലധികം കടകള്‍ കത്തി നശിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സൂഖില്‍ ശെയ്ഖ് അബ്ദുള്ള റോഡരികിലുള്ള ഒരു ബഹുനില കെട്ടിടത്തിലാണ് ആദ്യം തീപ്പിടിത്തം ഉണ്ടായത്. തുടര്‍ന്ന് അടുത്തുള്ള കടകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് ബഹ്റൈനിലെ അല്‍ അയം പത്രം റിപോര്‍ട് ചെയ്തതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട് ചെയ്തു.
പ്രാദേശിക സമയം വൈകിട്ട് നാലരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ള കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയും ഇതുവഴിയുള്ള ഗതാഗതം തടയുകയും ചെയ്തു. ഏറെ നേരത്തേക്ക് പലര്‍ക്കും താമസസ്ഥലത്തേക്ക് എത്താനായിരുന്നില്ല. അടുത്തുള്ള കടകളിലേക്ക് തീ ആളിപ്പടര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കി.
ഉടന്‍ ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയ അധികൃതരും സംഭവ സഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചതിനാല്‍ തീ കൂടുതല്‍ പടരുന്നത് തടയാനും വന്‍ ദുരന്തം ഒഴിവാക്കാനും സാധിച്ചു. അഗ്നിരക്ഷാസേനയുടെ 16 വാഹനങ്ങളും 63 ഉദ്യോഗസ്ഥരെയുടെയും സഹായത്തോടെ മണിക്കൂറുകളുടെ യത്നത്താലാണ് തീയണക്കാന്‍ സാധിച്ചത്.
മലയാളികളടക്കമുള്ളവരുടെ നിരവധി ചെരുപ്പ് കടകളും റെഡിമെയ്ഡ് കടകളുമടക്കം കത്തി നശിച്ചു. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണങ്ങളോ ഇതുമൂലമുണ്ടായ നഷ്ടങ്ങളെ സംബന്ധിച്ചോ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനും ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നതിനും നിരവധി മലയാളി സംഘടനകള്‍ സഹായ ഹസ്തവുമായി രംഗത്തെത്തി. ആര്‍ക്കെങ്കിലും താമസ സ്ഥലങ്ങളോ ആഹാരമോ മറ്റു സഹായങ്ങളോ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് കെഎംസിസി, ബി കെ എസ എഫ്, മനാമ സെന്‍ട്രല്‍ മാര്‍കറ്റ് മലയാളി അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
The Civil Defence continues its efforts to extinguish the fire in Manama Souq. A total of 16 fire engines and 63 personnel were sent to the location. Relevant procedures are being taken. pic.twitter.com/nuKyncbQY3
— Ministry of Interior (@moi_bahrain) June 12, 2024