Flash Flood | ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളിയും വിദ്യാര്‍ഥികളും ഉള്‍പെടെ 12 പേര്‍ക്ക് ദാരുണാന്ത്യം
*കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
*മരിച്ചവരില്‍ 9 വിദ്യാര്‍ഥികളും.
*വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
മസ്ഖത്: (KasargodVartha) ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളിയും വിദ്യാര്‍ഥികളും ഉള്‍പെടെ 12 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പത് വിദ്യാര്‍ഥികളും രണ്ട് പ്രദേശവാസികളും ഒരു പ്രവാസിയും ഉള്‍പെടുന്നുവെന്ന് നാഷണല്‍ കമിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. ശക്തമായി മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്.
ഒരു കുട്ടിയെ ഉള്‍പെടെ കാണാതായിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടത്തിലേക്ക് വെള്ളം ഇരച്ചു കയറിയിരുന്നു. നിര്‍ത്തിയിട്ടിരുന്ന പല വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായും റിപോര്‍ടുകളുണ്ട്. ഒമാന്‍ ന്യൂസ് ഏജന്‍സി നേരത്തെ റിപോര്‍ട് ചെയ്തതനുസരിച്ച് കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഒമാനില്‍ ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ് കനത്ത മഴ പെയ്യുന്നത്. വടക്കന്‍ പ്രദേശങ്ങളിലാണ് കനത്ത മഴയുള്ളത്. ഞായറാഴ്ച (14.04.2024) രാവിലെയാണ് ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഒമാനില്‍ കനത്ത കാറ്റും മഴയും തുടങ്ങുന്നത്. ഉച്ചയോടെ മഴ അതിശക്തമാകുകയും വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.