സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ 30 ചിത്രങ്ങള്‍; മികച്ച നടി- നടന് വിഭാഗത്തില്‍ കടുത്ത മത്സരം
Oct 15, 2021, 19:33 IST
തിരുവനന്തപുരം: (www.kasargodvartha.com 15.10.2021) ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. 80 സിനിമകള്‍ അവാര്‍ഡിന് മത്സരിച്ചപ്പോള്‍ അന്തിമ പട്ടികയില്‍ എത്തിയത് 30 സിനിമകളാണ്. മികച്ച നടന്, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്.
ബിജു മേനോന്, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് മത്സരിക്കാന്‍ രംഗത്തുണ്ട്. നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന് തുടങ്ങിയവരും ഉണ്ട്.
വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയും മികച്ച സിനിമകളുടെ പട്ടികയിലുണ്ട്.
അടുത്തിടെ അന്തരിച്ച നടന് നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന് സച്ചി എന്നിവര്‍ക്കും പുരസ്കാര സാധ്യതയുണ്ട്.
ഇത്തവണ ജൂറിയെ നയിക്കുന്നത് ചരിത്രത്തിലാദ്യമായി ഒരു വനിതയാണ്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് പ്രാഥമിക, അന്തിമ മൂല്യനിര്‍ണയ സംവിധാനം ഏര്‍പെടുത്തി നിയമാവലി പരിഷ്കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്. കന്നട സംവിധായകന് പി ശേഷാദ്രിയും പ്രമുഖ സംവിധായകന് ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമിറ്റികളുടെ അധ്യക്ഷന്മാരാണ്. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമാണ്.
ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടു പ്രാഥമിക ജൂറികള്‍ സിനിമകള്‍ കണ്ടു വിലയിരുത്തും. അവര്‍ രണ്ടാം റൗന്‍ഡിലേക്ക് നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാര് അന്തിമ ജൂറിയിലും ഉണ്ടാകും.