Official Trailer | സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഓടോറിക്ഷക്കാരന്റെ ഭാര്യ' ട്രെയിലര്‍ പുറത്തുവിട്ടു; മനോഹരമായൊരു കുടുംബ ചിത്രമാകുമെന്ന് സൂചന
കൊച്ചി: (www.kasargodvartha.com) സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഹരികുമാര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പുതിയ ചിത്രം 'ഓടോറിക്ഷക്കാരന്റെ ഭാര്യ'യിലെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരിടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റില്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മനോഹരമായൊരു കുടുംബ ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കൂടാതെ കൈലാഷ്, ജനാര്‍ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ ആക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.
എം മുകുന്ദന്റെ രചനകളായ ദൈവത്തിന്റെ വികൃതികളും മദാമ്മയും നേരത്തെ ചലച്ചിത്രങ്ങളായിട്ടുണ്ടെങ്കിലും തിരക്കഥ പൂര്‍ണമായും അദ്ദേഹം തയ്യാറാക്കുന്ന ആദ്യ ചിത്രം ഓടോറിക്ഷക്കാരന്റെ ഭാര്യയാണ്.
മാഹിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന സിനിമയുടെ ചിത്രീകരണം, ഈ വര്‍ഷം ഫെബ്രുവരിയില്‍ ആണ് പൂര്‍ത്തിയാക്കിയത്.