city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈലാസില്‍ ഇനി കാഴ്ചകളില്ല

മുരളി മീങ്ങോത്ത്

ഴിഞ്ഞയാഴ്ചയാണ് സുഹൃത്തുക്കള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും ആ വാര്‍ത്ത അറിഞ്ഞത്. കാഞ്ഞങ്ങാട് കൈലാസ് തിയേറ്റര്‍ പൂട്ടുന്നു, സ്ഥലം വില്‍ക്കുന്നു. 1949ല്‍ ശ്രീ ദുര്‍ഗ എന്ന പേരില്‍ ആരംഭിച്ച കൈലാസ് ഇന്ത്യന്‍ സിനിമയുടെ ശതവാര്‍ഷികവേളയില്‍ ആദരിക്കപെട്ടിരുന്നു. കാഞ്ഞങ്ങാടിന്റെ ഹൃദയ ഭാഗത്തുള്ള ഈ തിയേറ്റര്‍ മൊബൈല്‍ ഫോണ്‍ വരുന്നതിന് മുമ്പുള്ള സൗഹൃദങ്ങളുടെ സ്ഥിരം മേല്‍വിലാസം കൂടി ആയിരുന്നു. കൈലാസിന്റെ മുമ്പില്‍ കാത്തുനില്‍ക്കാം എന്ന മൊഴി ചിര പരിചിതം.

എട്ടാം ക്ലാസ്സില്‍ ആണ് ദുര്‍ഗാ ഹൈസ്‌കൂളില്‍ ചേരുന്നത്. (ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി) കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയാല്‍ 200 മീറ്റര്‍ മുന്നോട്ട് നടന്നാല്‍ കൈലാസ് തിയേറ്റര്‍ എത്താം. അവിടെന്ന് ഇടത്തോട്ട് പോകുന്ന റോഡ് ആണ് ദുര്‍ഗാ ഹൈസ്‌കൂളിലേക്ക് നയിക്കുന്നത്.

കാഞ്ഞങ്ങാട് ഉള്ളതില്‍ വച്ച് ഏറ്റവും നല്ല തിയേറ്റര്‍. റിലീസ് പടങ്ങങ്ങളുടെ പെട്ടി വെള്ളിയാഴ്ച മോര്‍ണിംഗ് ഷോയ്ക്ക് മുമ്പ് എത്തും. റിലീസ് തിയേറ്ററുകളുടെ കൂട്ടത്തില്‍ കാഞ്ഞങ്ങാട് കൈലാസ് എന്ന് പത്രത്തില്‍ അടിച്ചു വരും. മൂട്ടകടി സ്വാഭാവികമെങ്കിലും സീറ്റുകള്‍ ഇടയ്‌ക്കെല്ലാം പരിഷ്‌ക്കരിക്കും. ദുര്‍ഗാ ഹൈസ്‌കൂളിലെ വെള്ളിയാഴ്ചയിലെ നീണ്ട രണ്ട് മണിക്കൂര്‍ ഉച്ച ഭക്ഷണ ഇടവേളയില്‍ പോസ്റ്റര്‍ കാണാന്‍ ഞങ്ങള്‍ എത്തും. സ്‌കൂളില്‍ നിന്ന് തന്നെ ക്ലാസിലെ എല്ലാവരെയും കൊണ്ടുപോയ ബ്യുട്ടിഫുള്‍ പീപ്പിള്‍ ആയിരിക്കണം കൈലാസില്‍ കണ്ട ആദ്യ ചിത്രം. ഈ ചിത്രത്തിന്റെ മുഴുവന്‍ പേര്. Animals are beautiful people എന്നാണ്.

നമിബ് എന്ന പൂര്‍വ ആഫ്രിക്കന്‍ മരുഭൂമിയിലെ വന്യ ജീവികളുടെ കഥ പറഞ്ഞ ഡോകുമെന്ററി. ഒരു വര്‍ഷം മുഴുവന്‍ വിഭിന്ന കാലാവസ്ഥയോട് ജീവികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് കാട്ടി തന്ന ചിത്രം. മരൂല മരത്തിന്റെ വെള്ളത്തില്‍ വീണ് പുളിച്ച പഴങ്ങള്‍ കഴിച്ചു ലഹരി പിടിച്ച മൃഗങ്ങളുടെ അവസ്ഥ കണ്ട് ചിരിച്ചു. നീണ്ട കൊടും വേനലിന്റെ ഒടുവില്‍ എത്തുന്ന മഴയ്ക്ക് ശേഷം വരുന്ന വസന്തം. ആ വസന്തതോടെയാണ് ചിത്രം അവസാനിക്കുന്നത്. കാഴ്ച്ചയുടെ അപൂര്‍വ ചാരുത ഞങ്ങള്‍ക്കായി ഒരുക്കിയ കൈലാസ്. ഇടവേളയിലെ ചുടു കടലയുടെ സ്വാദ്.

ഇതേ സംവിധായകന്റെ (ജാമിയുസ്) വിഖ്യാത ചിത്രമാണ് The God must be crazy.
പിന്നീട് കൈലാസിലേക്ക് ടീച്ചര്‍മാര്‍ ഞങ്ങളെ കൊണ്ട് പോയത് 82ലെ പ്രമുഖ ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി കാണാന്‍ ആണ്. ചരിത്രത്തിലെ ഗാന്ധിയ്ക്ക് ബെന്‍കിങ്ങ്സ്ലി ജീവന്‍ കൊടുത്തു. ആ നടത്തം പോലും രോഹിണി ഹത്തംഗടി കസ്തൂര്‍ബയായി  വസ്ത്രാലങ്കാരം ചെയ്ത ശ്രീമതി ഭാനു അത്തയ്യ ഓസ്‌കാര്‍ ഇന്ത്യയിലെത്തിച്ചു. ഗാന്ധി ചിത്രം വിയര്‍ത്ത് നനഞ്ഞ പകലില്‍ ഏറെ അസ്വസ്ഥതയോടെയാണ് കണ്ടിറങ്ങിയത്.

സുനിത പ്രൊഡക്ഷന്‍സിന്റെ പടങ്ങളെല്ലാം കൈലാസില്‍ റിലീസ് ആയി എത്തി. ജനറേറ്റര്‍ കേടായ കാരണം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കാണാതെ തിരിച്ചു പോകേണ്ടി വന്ന ദുഖവും മനസില്‍ ബാക്കിയുണ്ട്. അച്ഛനെ നിര്‍ബന്ധിച്ച് കൂട്ടികൊണ്ട് വന്നതാണ് ആ സിനിമയ്ക്ക്.

ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു വെള്ളിയാഴ്ചയിലെ മോര്‍ണിംഗ് ഷോ. നാടോടിക്കാറ്റിന്റെ റിലീസ്... അപ്പോഴേയ്ക്കും ഒന്നാം വര്‍ഷ പ്രീ ഡിഗ്രിയില്‍ എത്തിയിരുന്നു. ഷിഫ്റ്റ് ആയത് കൊണ്ട്
ഉച്ചയ്ക്കാണ് ക്ലാസ്. സ്‌പെഷല്‍ ക്ലാസ് എന്ന പേരില്‍ പത്തുമണിയ്ക്ക് കൈലാസില്‍ ഹാജര്‍ ഇട്ടു. ടിക്കറ്റ് എടുത്ത് അകത്ത് കയറിയപ്പോള്‍ ആണ് നെഹ്‌റു കോളജിലെ സഹപാഠികള്‍ മിക്കവരും അവിടെയുണ്ട്. നീണ്ട ചിരി മുഴക്കിയ പടം ആ മോര്‍ണിംഗ് ഷോയോട് കൂടി ഹിറ്റായി. നീണ്ട കൈകള്‍ ഉള്ള രണ്ട് മരവാഴകള്‍ അന്ന് കൈലാസിന്റെ മുമ്പില്‍ നിവര്‍ന്ന് നിന്നിരുന്നു. തെങ്ങിന്റെ ഉടലും വാഴയിലകളുമായി നില്‍ക്കുന്ന മരവാഴ ആദ്യമായി കണ്ടവതവിടെയാണ്.

മാറ്റിനി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഉള്ള വിശപ്പാണ് ഏറ്റവും കഠിനം. നഗരത്തിന്റെ തിരക്കിലേക്കാണ് സ്വപ്നലോകം വിട്ടാല്‍ നടന്നടുക്കേണ്ടത്. കാഞ്ഞങ്ങാടിന്റെ അടയാളം തന്നെയായിരുന്നു കൈലാസ്. കൈലാസിന്റെ എതിര്‍വശത്തുള്ള ബുക്‌സ്റ്റാള്‍. കൈലാസിന് തെക്കേ വശം പുതിയൊരു ഹോട്ടല്‍. എല്ലാ ബോര്‍ഡിലും കൈലാസ് സ്ഥാനം പിടിച്ചു. കൈലാസ് ഇല്ലാത്ത കാഞ്ഞങ്ങാടും നമുക്ക് വഴങ്ങുമായിരിക്കും പെട്ടന്ന്. അവിടെ ഒരു ഷോപ്പിംഗ് മോളോ മറ്റോ വരുമായിരിക്കും വരും വര്‍ഷങ്ങളില്‍. തിയേറ്റര്‍ ഒക്കെ നഷ്ടക്കച്ചവടമാകുന്ന നമ്മുടെ കാലഘട്ടത്തില്‍ എന്റെ ദുര്‍ഗ ഹൈസ്‌കൂള്‍ കാഞ്ഞങ്ങാട് ഓര്‍മകള്‍ എല്ലാം കൈലാസില്‍ തുടങ്ങുന്നു. ആ വെള്ളിവെളിച്ചം ഓര്‍മ്മകളില്‍ കത്തട്ടേ. കാഴ്ച്ചയുടെ പ്രലോഭനമില്ലാത കൈലാസം.

കൈലാസില്‍ ഇനി കാഴ്ചകളില്ല
വര: രതീഷ് കക്കാട്ട്‌
കൈലാസില്‍ ഇനി കാഴ്ചകളില്ല
മുരളി മീങ്ങോത്ത്
(Writer)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തെരുവിലെ പീഡനം പ്രമേയമാക്കിയ വിനയന്റെ ചിത്രത്തില്‍ സനുഷ നായിക

Keywords:  Kailas Theater in Kanhangad, No more shows in Kailas, School, Campus, Durga HSS, Cinema, Malayalam, Movie, No Show, Media, Morning Show, Students

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia