'ബര്‍മുഡ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്
കൊച്ചി: (www.kasargodvartha.com 11.06.2021) ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ബര്‍മുഡ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്. ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസ് ചെയ്തത്. കിണറിലേക്ക് ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന വിനയ് ഫോര്‍ട്ടിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്.
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക.
സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. ഹരീഷ് കണാരന്, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന് സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Kunchacko Boban releases 'Bermuda' motion poster