മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് 'ഗോഡ്ഫാദര്‍' മോഷന്‍ പോസ്റ്റെര്‍ റിലീസായി; നായകനായെത്തുന്നത് മെഗാസ്റ്റാര്‍ ചിരഞ്ജീവി
കൊച്ചി: (www.kasargodvartha.com 23.08.2021) ചിരഞ്ജീവി നായകനാവുന്ന മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് 'ഗോഡ്ഫാദര്‍' ന്റെ മോഷന്‍ പോസ്റ്റെര്‍ പുറത്തിറക്കി. ചിരഞ്ജീവിയുടെ ജന്മദിന സമ്മാനമായാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റെര്‍ പുറത്തിറക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്.
മെഗാസ്റ്റാറിന്റെ അക്ഷരങ്ങള്‍ ഗോഡ്ഫാദര്‍ എന്ന തലക്കെട്ടിലേക്ക് മാറുന്ന മോഷന്‍ പോസ്റ്റെര്‍ ദൃശ്യം ഏറെ രസകരമാണ്. പോസ്റ്റെറില്‍ ചിരഞ്ജീവി തീവ്രമായ രൂപത്തില്‍ തൊപ്പി ധരിക്കുകയും കയ്യില്‍ തോക്കുമായി നില്‍ക്കുകയും ചെയ്യുന്നു.
ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ ആക്ഷന്‍ നാടകമായി കണക്കാക്കപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ മോഹന്‍ രാജ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.
കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപെര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ആര്‍ ബി ചൗധരി, എന്‍ വി പ്രസാദ്, കൊനിദേല സുരേഖ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ് എസ് തമന്‍ ആണ് സംഗീത സംവിധാനം. ഛായാഗ്രാഹകന്‍ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം- സുരേഷ് സെല്‍വരാജന്‍, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍- വക്കാട അപ്പറാവു. ഗോഡ്ഫാദറിന്റെ ഷൂടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചു.
ചിത്രത്തില്‍ താരത്തിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. രണ്ടാം തവണയാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്.