'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല'; വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി അനശ്വര രാജന്‍
കൊച്ചി: (www.kasargodvartha.com 14.09.2020) തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് അനശ്വര രാജന്‍. കഴിഞ്ഞ ദിവസം താരം ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിലായിരുന്നു വിമര്‍ശനം. അതേസമയം വസ്ത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍ മുന്നോട്ടു വന്നിരിക്കുകയാണ്.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് അതേ വസ്ത്രമണിഞ്ഞുള്ള മറ്റൊരു ചിത്രം പങ്കുവച്ചായിരുന്നു നടി മറുപടി പറഞ്ഞത്. 'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍.' എന്ന് താരം ചിത്രത്തിനൊപ്പം കുറിച്ചു.
കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18-ാം ജന്മദിനം ആഘോഷിച്ചത്. പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍, അടുത്തത് എന്ത് വസ്ത്രമാണ് എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം. മോശം കമന്റുകളും സദാചാര ആക്രണവും തുരുമ്പോഴും അനശ്വരയ്ക്ക് പിന്തുണയുമായും നിരവധി പേരെത്തിയിരുന്നു.