ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡെല്‍ഹി: (www.kasargodvartha.com 18.09.2021) ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്. താരത്തിന്റെ വീട്ടില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ പരിശോധനയിക്കൊടുവിലാണ് കണ്ടെത്തല്‍. ഡെല്‍ഹിയില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ടിയുമായി സഹകരിക്കുകയാണെന്ന് സോനു സൂദ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആദായ നികുതി പരിശോധന നടത്തിയത്.
സോനുവും സഹായികളും ചേര്‍ന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സോനു സൂദിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ വിദേശരാജ്യത്ത് നിന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ 2.1 കോടി സ്വരൂപിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. പരിശോധനയില്‍ നികുതിവെട്ടിപ്പിന് സാധൂകരണം നല്‍കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്.
കടലാസ് കമ്പനികളില്‍ നിന്നും വായ്പയെടുത്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ യഥാര്‍ഥമല്ലാത്ത 20ഓളം ഇടപാടുകള്‍ സോനു സൂദ് നടത്തിയിട്ടുണ്ടെന്നും എത്രത്തോളം നികുതി താരംവെട്ടിച്ചുവെന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു. എങ്കിലും 20 കോടിയുടെ നികുതിവെട്ടിപ്പെങ്കിലും സോനു സൂദ് നടത്തിയിട്ടുണ്ടെന്നാണ് അനുമാനമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
Keywords: New Delhi, News, National, Cinema, Entertainment, Actor, Top-Headlines, Actor Sonu Sood Evaded Tax Of Over Rs 20 Crore