'മാമാ ചായേല്‍ ഉറുമ്പ്'; ജോജു ജോര്‍ജ് നായകനാകുന്ന 'പീസി'ന്റെ ആദ്യഗാനം പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 24.01.2022) ജോജു ജോര്‍ജ് നായകനാകുന്ന 'പീസി'ന്റെ ആദ്യഗാനം പുറത്തിറങ്ങി. ശഹബാസ് അമന്റെ ശബ്ദത്തില്‍ 'മാമാ ചായേല്‍ ഉറുമ്പ്' എന്ന് തുടങ്ങുന്ന ഗാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ നവാഗതനായ സംവിധായകന്‍ സന്‍ഫീര്‍ കെ തന്നെയാണ് വരികളും എഴുതിയിരിക്കുന്നത്.
കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. രമ്യാ നമ്പീശന്‍, അനില്‍ നെടുമങ്ങാട്, അതിഥി രവി, അനില്‍ രാധാകൃഷ്ണന്‍ മേനോന്‍, ആശ ശരത്ത്, ഷാലു റഹീം, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ജുബൈര്‍ മുഹമ്മദാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മിക്കുന്ന 'പീസ്' ഒരു ആക്ഷേപഹാസ്യ ത്രിലെര്‍ ചിത്രമാണ്.