city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'0-41': കാസര്‍കോടന്‍ ഭാഷയില്‍ ഒരു കാഞ്ഞങ്ങാടന്‍ സിനിമ; ട്രെയിലര്‍ കണ്ട് വിളിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കമുള്ളവര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.08.2016) '0-41'... കാഞ്ഞങ്ങാട്ടെ നാട്ടുമ്പുറത്തെ വോളിബോള്‍ കഥ പറയുന്ന ഒരു കൊച്ചു സിനിമ. വലിയ താരങ്ങളോ വന്‍കിട സാങ്കേതിക വിദ്യയോ ഉപയോഗിക്കാത്ത ലോ ബജറ്റ് സിനിമയായ 0-41 സംവിധാനം ചെയ്തത് സിനിമാ ബന്ധം പേരിന് മാത്രമുള്ള പാതി മലയാളിയും പാതി കര്‍ണാടകക്കാരനുമായ സെന്നാ ഹെഗ്‌ഡെയാണ്. കാഞ്ഞങ്ങാടിന്റെ വോളിബോള്‍ കമ്പം പശ്ചാത്തലമാക്കി ഉടലെടുത്ത സിനിമ സംസാരിക്കുന്നതും കാസര്‍കോടന്‍ ഭാഷ തന്നെയാണ്. ഇതുവരെ മലയാള സിനിമ ഉപയോഗിച്ച് കണ്ടിട്ടില്ലാത്തത്ര റിയലിസ്റ്റിക് ആയാണ് കാസര്‍കോട്ടെ പ്രാദേശിക ഭാഷയെ സിനിമയില്‍ കൈകാര്യം ചെയ്തിട്ടുള്ളത്.

അഭിനയിച്ചവരെല്ലാം പുതുമുഖങ്ങളാണ്. കാഞ്ഞങ്ങാട്ടെ തന്നെ തന്റെ കൂട്ടുകാരെ വെച്ച് അഭിനയിപ്പിച്ച ചിത്രത്തില്‍ അവരവരുടെ പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ അവരുടെ സംസാരത്തിലും സ്വാഭാവികതയുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ഒമ്പത് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കളിച്ച കളികളെല്ലാം തോറ്റു കൊണ്ടേയിരിക്കുന്ന നാട്ടിന്‍പുറത്തെ വോളിബോള്‍ ടീമിനെയും നിരന്തരമുള്ള തോല്‍വി അവരുടെ നിത്യജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെയും പ്രമേയമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പേ സിനിമ പൂര്‍ത്തിയായെങ്കിലും ചെറുകിട സിനിമകളെ വിതരണത്തിനെടുക്കാന്‍ ആരും തയ്യാറാവാത്തതിനാല്‍ ചിത്രം ഫെസ്റ്റിവല്‍ വേദിയില്‍ മാത്രം ഒതുങ്ങി.

ഇതിനിടെ ഏഴോളം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലാണ് 0-41 പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്രോത്സവ വേദിയില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയിരുന്ന സിനിമയെക്കുറിച്ച് മലയാളികള്‍ അറിഞ്ഞത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയതതോടുകൂടിയാണ്. ലോ ബജറ്റില്‍ നിര്‍മ്മിച്ച സ്വതന്ത്ര സിനിമ കാണാന്‍ താല്‍പര്യമുണ്ടെന്ന് കശ്യപ് ഹെഗ്ഡയെ അറിയിക്കുകയും ചെയ്തു.



കാഞ്ഞങ്ങാട് മാവുങ്കാല്‍ തോയമ്മല്‍ സ്വദേശിയാണ് സെന്ന ഹെഗ്ഡ. എഞ്ചിനീയറായി അഞ്ച് വര്‍ഷം യുഎസില്‍ ജോലി ചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ച് പരസ്യരംഗത്തേക്ക് വരികയായിരുന്നു. കേരളത്തില്‍ ജനിച്ച സെന്ന ഹെഗ്ഡ പാതി കന്നഡക്കാരനാണ്. കന്നഡയില്‍ രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത 'ഉള്ളിതവരു കണ്ടന്തേ' എന്ന ചിത്രത്തില്‍ സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു എന്നത് മാത്രമാണ് ഹെഗ്ഡയുടെ സിനിമാ അനുഭവം. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ നിവിന്‍ പോളിയാണ് നായകന്‍.

കീര്‍ത്തന്‍ പൂജാരിയാണ് 0-41 ന്റെ ക്യാമറ നിര്‍വ്വഹിച്ചത്. ആദ്യമായാണ് കീര്‍ത്തന്‍ സിനിമയ്ക്ക് ക്യാമറ ചെയ്യുന്നത്. എന്താണ് സിനിമ എന്നോ എങ്ങനെയാണ് ഷൂട്ടിംഗ് എന്നോ അറിയാത്തവരാണ് ഇതില്‍ അഭിനയിച്ചതെന്ന് സംവിധായകന്‍ പറയുന്നു. മാവുങ്കാല്‍ തോയമ്മല്‍ എന്ന ഗ്രാമത്തിലെ കൂട്ടുകാരെ കൊണ്ടാണ് എല്ലാ റോളുകളും ചെയ്യിപ്പിച്ചത്. കുറഞ്ഞ ചെലവിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചിത്രത്തിന്റെ ക്വാളിറ്റിയെ ഇത് ബാധിച്ചിട്ടില്ല.

ആഷിഖ് അബു, ലിജോ പെല്ലിശേരി, വിനീത് ശ്രീനിവാസന്‍, ജയസൂര്യ, റിമാ കല്ലിങ്കല്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതിനകം തന്നെ ട്രെയിലര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. ആഷിഖ് അബുവും ഗീതു മോഹന്‍ദാസും സിനിമ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പുതുമുഖ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന ആഷിഖ് അബു, രാജീവ് രവി, ലാല്‍ജോസ് തുടങ്ങിയവരെ സിനിമ കാണിക്കാന്‍ തയ്യാറെടുക്കുകയാണ് സെന്ന.

91 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വിതരണക്കാരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കേരളത്തിലെ മുന്‍നിര വിതരണക്കാരാണ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. വൈകാതെ തന്നെ '0-41' തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും സെന്നയുടെ സുഹൃത്തും സഹപാഠിയുമായ അഡ്വ. സി ഷുക്കൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

'0-41': കാസര്‍കോടന്‍ ഭാഷയില്‍ ഒരു കാഞ്ഞങ്ങാടന്‍ സിനിമ; ട്രെയിലര്‍ കണ്ട് വിളിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കമുള്ളവര്‍

'0-41': കാസര്‍കോടന്‍ ഭാഷയില്‍ ഒരു കാഞ്ഞങ്ങാടന്‍ സിനിമ; ട്രെയിലര്‍ കണ്ട് വിളിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കമുള്ളവര്‍

'0-41': കാസര്‍കോടന്‍ ഭാഷയില്‍ ഒരു കാഞ്ഞങ്ങാടന്‍ സിനിമ; ട്രെയിലര്‍ കണ്ട് വിളിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കമുള്ളവര്‍
സംവിധായകന്‍ സെന്ന ഹെഗ്‌ഡെയും അഡ്വ. സി ഷുക്കൂറും


Keywords:  Kerala, kasaragod, Cinema, Kanhangad, Vollyball, Senna Hegde, 0-41, Ashique Abu, Anurag Kashyap, Vineeth Srinivasan, Kasargodan Language.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia