പുലിമുരുകൻ സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഫോറസ്റ്റ് റെയിഞ്ചര്‍ക്ക് നേരെ കടുവയുടെ അക്രമം
Jan 11, 2021, 12:21 IST
പുല്‍പ്പള്ളി: (www.kasargodvartha.com 11.01.2021) പുലിമുരുകൻ സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവത്തില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഫോറസ്റ്റ് റെയിഞ്ചര്‍ക്ക് നേരെ കടുവയുടെ അക്രമം.
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി ശശികുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളന്‍കൊല്ലി കൊളവള്ളിയിലാണ് സംഭവം. പരിശോധനയ്ക്കിടെയാണ് ശശികുമാറിനെ കടുവ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയത്.
ശശികുമാറിന് നേരെ കടുവ പാഞ്ഞടുത്ത ശേഷം അക്രമിക്കുകയായിരുന്നു. നേരത്തെ ഒരു വ്യക്തിയുടെ പുരയിടത്തില്‍ കടുവയെ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുരത്താന്‍ ശ്രമിക്കുന്നതിനിടെയും ശശികുമാറിന് പരുക്കേറ്റിരുന്നു. അന്നും തലനാരിഴയ്ക്കാണ് ശശികുമാറിനും സംഘത്തിനും ജീവന്‍ തിരിച്ചു കിട്ടിയത്.
മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച് പരിശോധന തുടരുകയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പറുദീസക്കവല, കൊളവള്ളി, പാറക്കവല പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവ ഭീതി പരത്തികൊണ്ടിരിക്കുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് ആദ്യമായി പ്രദേശത്തെ ഒരു വീട്ടമ്മ കടുവയെ കാണുന്നത്. വെള്ളിയാഴ്ച ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് കടുവയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലുണ്ടായിരുന്ന കടുവയെ ദിവസങ്ങളായിട്ടും തുരത്താന്‍ സാധിക്കാത്തത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നാലു ദിവസമായി പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ, ക്ഷീരകര്‍ഷകര്‍ക്ക് പാലളക്കാനോ, പുല്ലരിയാന്‍ പോകാനോ പറ്റാത്ത അവസ്ഥയാണ്. വളര്‍ത്തുനായ്ക്കളെയടക്കം കടുവ പിടികൂടിയതായി നാട്ടുകാര്‍ പറയുന്നു.
Keywords: Kerala, Wayanad, Tiger, forest-range-officer, Hospital, Attack, House, Student, School, Education, Top-Headlines, Tiger attack against a forest ranger during a search to find it