കൗമാര കലാ മേളയ്ക്ക് വിപ്ലവ ഭൂമിയായ കയ്യൂര്‍ ഒരുങ്ങി
Dec 29, 2012, 22:00 IST
കയ്യൂര്‍: 53-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കയ്യൂര്‍ ഒരുങ്ങിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിപ്ലവ പോരാട്ടത്തിന്റെ സ്മരണകളിരമ്പുന്ന കയ്യൂരില്‍ ഇതാദ്യാമായെത്തിയ ജില്ലാ സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതിയും വിദ്യാഭ്യാസ വകുപ്പും നാട്ടുകാരും.
ജനുവരി ഒന്നു മുതല്‍ ആറു വരെയാണ് കയ്യുര്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൗമാര കലാമേള അരങ്ങേറുക. 298 ഇനങ്ങളിലായി ഏഴ് ഉപജില്ലകളില്‍ നിന്നുള്ള 217 വിദ്യാലയങ്ങളിലെ 4,000 ഓളം മത്സരാര്‍ത്ഥികളും ഇതു വരെ ലഭ്യമായ അപ്പീലുകളിലൂടെ 399 മത്സരാര്‍ത്ഥികളുമാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഇതു കൂടാതെ കോടതി വിധി വഴിയും നിരവധി മത്സരാര്‍ത്ഥികളെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കലോത്സവത്തെ ജനകീയ മേളയാക്കാനുള്ള തയ്യാറെടുപ്പാണ് നടന്നു വരുന്നത്.
ജില്ലയിലെ സാഹിത്യ നായകന്മാരായ ടി.എസ്. തിരുമുമ്പ്, നിരഞ്ജന, മഹാകവി കുട്ടമത്ത്, മഹാകവി പി., വിദ്വാന്‍ പി. കേളു നായര്‍, ടി. ഉബൈദ്, നര്‍ത്തക രത്‌നം കണ്ണപെരുവണ്ണാന്‍ എന്നിവരുടെ പേരുകളില്‍ ഒരുക്കിയ ഏഴു വേദികളിലായാണ് മത്സര പരിപാടികള്‍ നടത്തപ്പെടുന്നത്. യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളില്‍ കലോത്സവം, സംസ്‌കൃതോത്സവം, അറബി കലാമേള, ഉറുദു കലാമേള, കന്നട ഉത്സവം എന്നിവയാണ് നടത്തപ്പെടുന്നത്.
ഡിസംബര്‍ 31 ന് രജിസ്‌ട്രേഷന്‍ നടക്കും. ഓഫ് സ്റ്റേജ് ഇനങ്ങളിലെ മത്സരം, ബാന്റ് മേള എന്നിവ ജനിവരി ഒന്നിന് നടക്കും. 500 വിദ്യാര്‍ത്ഥികള്‍ ഓഫ് സ്റ്റേജ് മത്സരങ്ങളില്‍ പങ്കെടുക്കും. ജനിവരി രണ്ടിന് മന്നം ജയന്തിയായതിനാല്‍ മത്സരം ഉണ്ടായിരിക്കില്ല. ജനുവരി മൂന്ന്, നാല്, അഞ്ച്, ആറ് തീയ്യതികളിലായാണ് സ്റ്റേജ് ഇന മത്സരങ്ങള്‍ നടക്കുക. കലോത്സവത്തിന്റെ നടത്തിപ്പിനായി 150 ഓളം വിധി കര്‍ത്താക്കളെ മത്സരം വിലയിരുത്തുന്നതിനായി നിശ്ചയിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഡിസംബര്‍ 31 ന് വൈകുന്നേരം മൂന്നു മണിക്ക് ചെറുവത്തൂരില്‍ നടക്കും. ഒന്നു മുതല്‍ ആറു വരെ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റുമായി 25,000 ആളുകള്‍ക്ക് വിഭവ സമൃദ്ധമായ സദ്യ പായസ സഹിതം എല്ലാദിവസവും വിതരണം ചെയ്യും.
രാവിലെ ഏഴു മണി മുതല്‍ രാത്രി പത്തി മണി വരെ ഭക്ഷണ ശാലയില്‍ വളണ്ടിയര്‍മാരായി ഓരോ ദിവസത്തേക്കും 150 പേരെ വീതം തെരെഞ്ഞെടുത്തിട്ടുണ്ട്. പ്രശസ്ത പാചക വിദഗ്ദ്ധന്‍ മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്. കയ്യൂരിലെ കുടുംബശ്രീ യുണിറ്റുകള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എന്നിവര്‍ മേള വിജയമാക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ്. പ്രധാന വേദിയടക്കം ഏഴു വേദികളും തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇവയുടെ അവസാന മിനുക്കു പണികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഒരേ സമയം 800 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള ഭക്ഷണ ശാല തയ്യാറായി കഴിഞ്ഞിട്ടുണ്ട്. വാര്‍്ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ശ്യാമളാദേവി, ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇയുമായ കെ. ശ്രീ കൃഷ്ണ അഗ്ഗിത്തായ, പഞ്ചായത്ത് പ്രസിഡന്റ് എം. ബാലകൃഷ്ണന്‍, ടി.വി. കുഞ്ഞമ്പു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.വി. രാമകൃഷ്ണന്‍ പ്രിന്‍സിപ്പള്‍ ടി.വി. ജാനകി, പി. ജനാര്‍ദ്ദനന്‍, കരിമ്പില്‍ കൃഷ്ണന്‍, പി.എ. നായര്‍, എം. രാജഗോപാല്‍, കെ.വി. കൃഷ്ണന്‍, കെ.വി. വത്സലന്‍, കെ. രാധാകൃഷ്ണന്‍, യു. രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: School, Press meet, Kayyur, Education, Kasaragod, kalolsavam, Kerala, GVHS & HSS Kayyoor, Kerala Vartha, Malayalam News, Stage, T.V. Janaki, P.P. Shyamala Devi, K. Kunhiraman, G. Karthikeyan, N.A. Nellikunnu, P. Karunakaran, K. Sreekrishna Aggithaya, MLA, MP, Revenue district. school fest in GVHSS Kayyur