Event | ചുറ്റിലുമുള്ളത് നടി മഞ്ജു വാര്യരെ പോലെയുള്ള മക്കള്‍; കലോത്സവ നഗരിയില്‍ വീണ്ടും നാട്യഗുരു കൃഷ്ണന്‍ മാസ്റ്റര്‍ എത്തി
● മത്സരാര്‍ഥികളെ അനുഗ്രഹിക്കുകയും സ്‌നേഹം പങ്കിടുകയും ചെയ്തു.
● എഴുപത്തിയാറാം വയസിലും യുവത്വത്തിന്റെ ആവേശം.
● ഭാരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിവയാണ് പരിശീലിപ്പിക്കുന്നത്.
ഉദിനൂര്‍: (KasargodVartha) കലാകേരളത്തിന് നിരവധി നര്‍ത്തകിമാരെയും, സിനിമാ താരങ്ങളെയും സംഭാവന ചെയ്ത നാട്യാചാര്യ ഗുരു എം വി കൃഷ്ണന്‍ മാസ്റ്റര്‍ ഉദിനൂരിലെ കലോത്സവ നഗരിയിലെത്തി. നൃത്ത വേദികളിലെത്തി മത്സരാര്‍ഥികളെ അദ്ദേഹം അനുഗ്രഹിക്കുകയും ചേര്‍ത്തു പിടിച്ച് സ്‌നേഹം പങ്കിടുകയും ചെയ്തു. എഴുപത്തിയാറാം വയസിലും യുവത്വത്തിന്റെ ആവേശത്തോടെ നൃത്തവേദികളിലെത്താനും പരിശീലനം നല്‍കാനും കൃഷ്ണന്‍ മാഷിന് സാധിക്കുന്നുവെന്നത് എല്ലാവരെയും വിസ്മയിപ്പിക്കുന്നു.
ചലചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, ശംന ഖാസിം, പാര്‍വതി നമ്പ്യാര്‍, സയനോര ഫിലിപ്പ്, ചിത്ര അയ്യര്‍, ഹീര നമ്പൂതിരി, സംഘ മിത്ര എന്നിവരുടെ ഗുരുകൂടിയാണ് കൃഷ്ണന്‍ മാസ്റ്റര്‍ എന്നത് പുതുതലമുറയില്‍ പലര്‍ക്കും അറിയാനിടയില്ല. കാസര്‍കോട് ജില്ലയിലെ കലാപ്രതിഭ വിപിന്‍ദാസ്, തിലകം അനുപമ എന്നിവരെയും നൃത്തം പഠിപ്പിച്ചിരുന്നു.
ഭാരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ ഗ്ലാമര്‍ ഇനങ്ങളാണ് മാഷ് പരിശീലിപ്പിക്കുന്നത്. പ്രശസ്ത നര്‍ത്തകി രുഗ്മിണി അരുണ്ടേലിന്റെ ശിഷ്യനാണ് കൃഷ്ണന്‍ മാസ്റ്റര്‍. അഡയാര്‍ കലാക്ഷേത്രയില്‍ നിരവധി വര്‍ഷക്കാലം അധ്യാപകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ പയ്യന്നൂരില്‍ ഭരതാഞ്ജലി എന്ന നൃത്ത വിദ്യാലയം നടത്തുകയാണ്.
#krishnamaster, #dancemaster, #artsfestival, #kerala, #bharatanatyam, #mohinayattam, #dance