city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിന്മയ മാനേജ്‌മെന്റ് അപവാദങ്ങളും അസത്യ പ്രചരണങ്ങളും അവസാനിപ്പിച്ച് സ്‌കൂളിൽ നിന്നും പുറത്താക്കിയ കുട്ടികളെ തിരിച്ചെടുക്കണമെന്ന് പാരന്റ്സ് കൂട്ടായ്മ

കാസർകോട്: (www.kasargodvartha.com 04.02.2021) ചിന്മയ മാനേജ്മെന്റ് യാഥാർഥ്യം ഉൾകൊണ്ട് ചിലർക്ക് നൽകി എന്ന് അവകാശപ്പെടുന്ന 50 ശതമാനം ഫീസ് ഇളവ് എല്ലാ കുട്ടികൾക്കും നൽകുകയും പുറത്താക്കിയ മുഴുവൻ കുട്ടികളെയും ഉടനടി തിരിച്ചെടുത്ത് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്യണമെന്ന് ചിന്മയ പാരന്റ്സ് കൂട്ടായ്മ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ചിന്മയ മാനേജ്‌മെന്റ് അപവാദങ്ങളും അസത്യ പ്രചരണങ്ങളും അവസാനിപ്പിച്ച് സ്‌കൂളിൽ നിന്നും പുറത്താക്കിയ കുട്ടികളെ തിരിച്ചെടുക്കണമെന്ന് പാരന്റ്സ് കൂട്ടായ്മ

ചില തൽപര കക്ഷികൾ സ്കൂളിന് എതിരായി പ്രവർത്തിക്കുന്നു എന്ന നിലയിൽ ചിൻമയ മാനേജ്മെന്റ് നടത്തുന്ന പ്രചരണം അസത്യമാണെന്നും യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ഒരു സംഘം രക്ഷിതാക്കൾ പറഞ്ഞു. ഈ സമരത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് ഇതേ സ്കൂളിലെ രക്ഷിതാക്കളാണെന്നും തങ്ങളാരും സ്കൂളിന് എതിരല്ലെന്നും കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി തകർന്നതിനാൽ ഈ വർഷം നൽകാത്ത സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കൾ പറഞ്ഞു. ഓൺലൈൻ ക്ലാസിന്ന് ന്യായമായ ഫീസ് നൽകാമെന്നും അറിയിച്ചിരിന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഒറ്റയ്ക്ക് ചെന്ന രക്ഷിതാക്കളോട് മോശമായ രീതിയിൽ പെരുമാറുകയും ഫീസ് അടക്കാൻ പറ്റില്ലെങ്കിൽ ടി സി എടുത്തു കൊള്ളാനുമാണ് പറഞ്ഞത്. അത് കൊണ്ടാണ് അവിടത്തെ ആയിരത്തോളം രക്ഷിതാക്കൾ സോഷ്യൽ മീഡിയയിലൂടെ സംഘടിച്ചത്.

പയ്യന്നൂർ, തൃശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങി മറ്റു സ്ഥലങ്ങളിലുള്ള ചിന്മയയുടെ സ്കൂളുകളിൽ സമരങ്ങളും പ്രശ്നങ്ങളും നടക്കുകയും അവിടങ്ങളിൽ പിന്നീട് നടന്ന ചർച്ചയിൽ കൂടി ഫീസ് ഇളവ് നൽകി പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ കാസർകോട് ചിന്മയയിൽ മാത്രം പല തവണ ആവശ്യപ്പെട്ടിട്ടും രക്ഷിതാക്കളുമായി കൂട്ടായ ഒരു ചർച നടത്താനോ അല്ലെങ്കിൽ ഒരു മൂന്നാം കക്ഷിയെ ഇടപ്പെടുത്തി ചർച്ച ചെയ്യാനോ മാനേജ്മെന്റ് തയ്യാറായില്ലെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.

പ്രശ്നത്തിൽ ഇടപെട്ട് കൊണ്ട് എം പി, എം എൽ എ എന്നിവർ ചർച ചെയ്യാൻ തയ്യാറായെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല. ചോദിച്ചവർക്കൊക്കെ 50 ശതമാനം ഫീസ് ഇളവ് നൽകി എന്ന മാനേജ്മെന്റിന്റെ അവകാശവാദം സത്യമാണെങ്കിൽ അവിടെ പഠിക്കുന്ന നാല് കുട്ടികളുടെ പിതാവായ സലീം എന്ന ഓട്ടോ ഡ്രൈവർ ഒരാളുടെ ഫീസെങ്കിലും ഒഴിവാക്കണമെന്ന് യാചിച്ചിട്ടും ഫീസ് കുറയ്ക്കാൻ തയ്യാറാവാതെ അവിടെ നിന്നും നാല് കുട്ടികളുടെയും ടി സി എടുപ്പിക്കുകയാണ് ചെയ്തത്. പത്ത് വർഷമായി ആ സ്കൂളിലെ രക്ഷിതാവായി തുടർന്ന് വന്ന ഒരു ഓട്ടോ ഡ്രൈവറോട് കാണിക്കാത്ത കരുണ മാനേജ്മെന്റ് ആർക്ക് നൽകിയെന്നാണ് അവകാശവാദമുന്നയിക്കുന്നതെന്ന് രക്ഷിതാക്കൾ ചോദിച്ചു.

ചോദിച്ചവർക്കൊക്കെ 50 ശതമാനം ഫീസ് ഇളവ് നൽകി എന്ന മാനേജ്മെന്റിന്റെ അവകാശവാദം സത്യമാണെങ്കിൽ സ്കൂളുമായി നേരിട്ട് ഒരുപാട് തവണ ഫീസ് ഇളവ് ആവശ്യപെട്ട രക്ഷിതാക്കൾ വീണ്ടും പത്രമാധ്യമങ്ങളിലൂടെ പരസ്യമായി 50 ശതമാനം ഫീസ് ഇളവ് ആവശ്യപ്പെടുകയാണ്. സാമ്പത്തിക സ്ഥിതി നോക്കി ബോധ്യപ്പെട്ടാൽ ഫീസിളവ് നൽകുമെന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റില്ല. സാമ്പത്തിക സ്ഥിതി എങ്ങനെയാണ് അവരെ ബോധ്യപ്പെടുത്തുക. തന്നെയുമല്ല സാമ്പത്തിക സ്ഥിതി അനുസരിച്ചല്ല അവർ ഫീസ് നിശ്ചയിച്ചിട്ടുള്ളതും, ഡൊണേഷൻ വാങ്ങിച്ചിട്ടുള്ളതും . ഇപ്പോൾ എല്ലാവർക്കും നൽകുന്നത് ഒരേ സേവനമാണ്. അത് കൊണ്ട് ഫീസിളവിന്റെ കാര്യത്തിൽ വേർതിരിവില്ലാതെ മുഴുവൻ വിദ്യാർത്ഥികൾക്കും 50 ശതമാനം ഫീസ് ഇളവ് നൽകി അവർ വാക്ക് പാലിക്കണമെന്ന് രക്ഷിതാകൾ ആവശ്യപെടുന്നു.

300 അല്ല 200 വിദ്യർത്ഥികളെ മാത്രമാണ് തങ്ങൾ പുറത്താക്കിയതെന്ന മാനേജ്മെന്റിന്റെ വിശദീകരണം സമൂഹത്തോടുള്ള കൊഞ്ഞനം കുത്തലാണ്. അക്കങ്ങളിൽ കെട്ടി മറിയാതെ 200 ഓളം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയെന്നത് നിസാര കാര്യമല്ലന്നും 200 വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയിട്ടില്ല, ഓൺലൈൻ ക്ലാസിൽ നിന്ന് മാത്രമേ പുറത്താക്കിയിട്ടുള്ളു എന്ന വാദം സ്കൂൾ തുറക്കാതെ ഓൺലൈൻ ക്ലാസ് മാത്രം നടക്കുന്ന ഈ സഹചര്യത്തിൽ എത്രമാത്രം അപഹാസ്യമാണ് എന്ന് പൊതുജനം മനസിലാക്കണമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥരെയും കളക്ടറേയും, രാഷ്ട്രീയക്കാരെയും തെറ്റിദ്ധരിപ്പിക്കുയാണെന്നന്നാണ് മാനേജ്മെൻറ് ആരോപണം. തെറ്റിദ്ധാരണയുടെ പുറത്ത് ഇറങ്ങിവരുന്ന വിഡ്ഢികളല്ല ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെന്നും രക്ഷിതാക്കളുടെ പക്ഷത്ത് ന്യായമുളളത് കൊണ്ടാണ് അവർ കൂടെ നിന്നതെന്ന് മനേജ്മെന്റ് മനസ്സിലാകുന്നത് നന്നായിരിക്കുമെന്നും രക്ഷിതാകൾ അറിയിച്ചു.

സ്കൂൾ മെയിന്റനെൻസിന് ഭാരിച്ച ചിലവുകളുണ്ടെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അവരുടെ കണക്ക് പ്രകാരം തന്നെ ഏകദേശം 5 കോടിക്ക് മുകളിൽ പണം ഫീസിനത്തിൽ തന്നെ വരുന്നുണ്ട്. ഡൊണേഷൻ, പുസ്തകം, മറ്റു വകയിൽ വേറെയും വരുമാനം ഉണ്ട്. ശമ്പളം വകയിൽ ഒന്നര കോടിയോളം രൂപ ചെലവാകുന്നുണ്ടാവും. ബാക്കി പണം മെയിന്റനെൻസിനു ചിലവാകുന്നു എന്ന് പറയുന്നത് അവിശ്വസനീയമാണ്. ഇതിനേക്കാളും മെച്ചമായ സൗകര്യങ്ങൾ നൽകുന്ന ജില്ലയിലെ മറ്റു സ്കൂളുകൾക്കൊന്നുമില്ലാത്ത ചിലവ് ഞങ്ങൾക്കുണ്ട് എന്ന അവകാശവാദം ഫീസ് വാങ്ങാനുള്ള ഒരു ഉപായം മാത്രമാണ്.

വസ്തുതകൾ ഇതായിരിക്കെ പത്ര സമ്മേളനം വിളിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം മുഴുവൻ രക്ഷിതാക്കളുടെയും ഒരു യോഗം വിളിച്ചോ അല്ലെങ്കിൽ ഒരു മൂന്നാം കക്ഷിയെ ഉൾപ്പെടുത്തിക്കൊണ്ടോ പ്രശ്നംങ്ങൾ ന്യായമായ രീതിയിൽ പരിഹരിക്കുകയോ അല്ലെങ്കിൽ ജില്ലയിലുള്ള മറ്റു സ്കൂളുകൾ നൽകിയ പോലെ 50 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിച്ചു മാനുഷിക പരിഗണന നൽകി പ്രശ്നം അവസാനിപ്പിക്കണമെന്ന് രക്ഷിതാകൾ അഭ്യർഥിച്ചു. അല്ലാത്ത പക്ഷം ധർണ, നിരാഹാരമടക്കമുളള സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.

രഘുറാം, രവീന്ദ്രൻ, അബ്ദുന്നഈം, മുകുന്ദൻ, അബ്ദുന്നാസർ, സവാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Keywords:  Kerala, News, Kasaragod, Top-Headlines, Press meet, School, Education, Parents, Students, Parents' group calls for end to Chinmaya management exceptions and false propaganda.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia