300 ഓളം വിദ്യാര്‍ത്ഥികളെ അമിതഫീസ് നല്‍കാത്തതില്‍ പുറത്താക്കിയ സംഭവം: സമരം കടുപ്പിച്ച് രക്ഷിതാക്കള്‍; കലക്ടറേറ്റ് മാര്‍ചിൽ പ്രതിഷേധമിരമ്പി
Jan 15, 2021, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2021) സ്‌കൂളില്‍ നിന്നും 300 ഓളം വിദ്യാര്‍ഥികളെ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമരം കടുപ്പിച്ച് രക്ഷിതാക്കള്‍. വ്യാഴാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തി. രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലി പ്രതിഷേധത്തില്‍ പങ്കെടുത്തു.
രാജ്‌മോഹന്‍ ഉണിത്താന്‍ എം പി ഓണ്‍ലൈന്‍ വഴി യോഗം ഉല്‍ഘാടനം ചെയ്തു. കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്നും ഈ കോവിഡ് മഹാമാരിയില്‍ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്ത് കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ അധികാരികള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഫീസിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണെന്നുമാണ് പരാതി.
ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന ഈ സമയത്ത് ട്യൂഷന്‍ ഫീസിന് പുറമെ ലഭ്യമല്ലാത്ത മറ്റു പലതരം സേവനങ്ങള്‍ക്കും ഫീസുകള്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അധികാരികള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
ബാലാവകാശ കമീഷന്‍ പറഞ്ഞിട്ടുള്ള ട്യൂഷന്‍ ഫീസുകളില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനം എങ്കിലും ഇളവ് നല്‍കണമെന്നാണ്. അത് പോലും വകവെക്കാതെ മുഴുവന്‍ ഫീസും നല്‍കണമെന്ന് പറഞ്ഞു 300 ഓളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തിട്ടുള്ളത്. കോടതിയുടെ പേര് പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുകയാണ് ചിന്മയ അധികാരികള്‍ ചെയ്തിട്ടുള്ളതെന്നാണ് രക്ഷിതാക്കളുടെ പരാതി.
ഉയര്‍ന്ന ഡൊണേഷന്‍, നോട്ബുക് കച്ചവടം, യുണിഫോം, ടെക്സ്റ്റ് ബുകുകള്‍ക്ക് ഉയര്‍ന്ന വില തുടങ്ങി മറ്റു പല കാര്യങ്ങള്‍ക്കും നിയമവിരുദ്ധമായി പണം വാങ്ങുകയും ഇപ്പോള്‍ കോടതി കാര്യം പറഞ്ഞ് ജില്ലയിലുള്ള മറ്റൊരു സ്‌കൂളും ചെയ്യാത്ത മനുഷ്യത്വ രഹിതമായ കാര്യവുമായി ഈ കൊറോണ കാലത്ത് മുമ്പോട്ട് പോകുന്നുവെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.
നടപടി പിന്‍വലിച്ച് 300 ഓളം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപെട്ടു. ജില്ലയിലുള്ള മറ്റു സ്‌കൂളുകള്‍ 50 ശതമാനവും 40 ശതമാനവും ഇളവ് നല്‍കി മാനുഷ്യത്വം കാണിച്ചപ്പോള്‍ ചിന്‍മയ സ്‌കൂള്‍ മാത്രമാണ് ഈ രീതിയില്‍ പെരുമാറുന്നത്. രക്ഷിതാക്കള്‍ മുമ്പോട്ട് വെക്കുന്ന കാര്യങ്ങള്‍ ഉള്‍കൊണ്ട് ധിക്കാര മനോഭാവം ഒഴിവാക്കി ചിന്മയ വിദ്യാലയത്തിലെ അധികാരികള്‍ ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ മുമ്പോട്ട് വരണമെന്നും മികച്ച വിദ്യാലയമായ ചിന്മയ മാനേജ്മന്റ് ധാര്‍ഷ്ട്യം വെടിഞ്ഞ് വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കണമെന്നും പ്രശ്‌നം നീട്ടി വലിച്ചു കൊണ്ടുപോകാതെ വിഷയം രമ്യമായി പരിഹരിക്കാന്‍ കലക്ടര്‍ ഇടപെടണമെന്നും എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു
എം എ നാസര്‍ അദ്ധ്യക്ഷത വഹിച്ചു, ബാലകൃഷ്ണന്‍ പെരിയ (കെപിസിസി സെക്രടറി മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് ചേരങ്കൈ (ഐ എന്‍ എല്‍ മുനിസിപ്പല്‍ സെക്രടറി), കെ എ മുനീര്‍ (എസ് എഫ് ഐ ഏരിയ സെക്രടറി),
യൂനുസ് തളങ്കര (പി ഡി പി), മുകുന്ദന്‍ എ, നവനീത് (കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട്), ഹമീദ് തെരുവത്ത്, രഘുറാം തുടങ്ങിയവര്‍ സംസാരിച്ചു. നഈം സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.