city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ അങ്കണങ്ങളില്‍ ഇനി കുടുംബശ്രീ മധുരം നിറയും

കാസര്‍കോട്: (www.kasargodvartha.com 01.01.2020) ഒഴിവുസമയങ്ങളില്‍ മിഠായി വാങ്ങാന്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ഇനി സ്‌കൂളുകള്‍ വിട്ടിറങ്ങില്ല. പലനിറങ്ങളിലും വലിപ്പത്തിലും പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞെത്തുന്ന ജങ്ക് ഫുഡുകളോട് അവര്‍ ഗുഡ്‌ബൈ പറയുകയാണ്. കുതിച്ചുപായുന്ന വണ്ടികള്‍ക്കിടയിലൂടെ മിഠായികള്‍ക്കായി റോഡ് മുറിച്ചുകടക്കാന്‍ ഇനിയില്ലെന്ന് അവര്‍ ഉറക്കെ പറയുകയാണ്. ഒഴിവു സമയങ്ങളില്‍ അവര്‍ക്ക് നുണയാനുള്ള രുചിയും ഗുണവും നിറഞ്ഞ കാഷ്യു മിഠായിയുമായി കുടുംബശ്രീ അമ്മമാര്‍ സ്‌കൂളുകളിലെത്തും.

ടേസ്റ്റ് കാഷ്യൂ എന്ന പേരിലാണ് കുടുംബശ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഠായി പുറത്തിറക്കിയിരിക്കുന്നത്.സ്‌നേഹ-വാല്‍സല്യത്തിലും കരുതലിലും പൊതിഞ്ഞ മിഠായികള്‍ ചെറിയ വിലയക്ക് അവര്‍ കുട്ടികള്‍ക്ക് നല്‍കും. ഈ അമ്മക്കരുതല്‍ അനുഭവിച്ചറിയാന്‍ അവര്‍ വരിനില്‍ക്കും. സ്‌നേഹത്തില്‍ പൊതിഞ്ഞ ഈ മിഠായി അവര്‍ നുണഞ്ഞ് ശീലിക്കും. കരുതിയ നാണയങ്ങള്‍ അമ്മമാര്‍ക്ക് നല്‍കും

ജനുവരി ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ പുത്തന്‍ ദൗത്യവുമായി വിദ്യാലയങ്ങളിലേക്കെത്തുകയാണ്. ചോക്ളേറ്റ് കവറുടെ മാലിന്യകൂമ്പാരം ഒഴിവാക്കാനും വിദ്യാര്‍ത്ഥികളില്‍ പുതിയ ഭക്ഷണശീലം കൊണ്ടുവരാനുമായി കുടുംബശ്രീ ഉത്പന്നങ്ങള്‍ വിദ്യാലയങ്ങളിലേക്ക് ഇറക്കുകയാണ്. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും കൂടി ഉറപ്പുനല്‍കുന്ന പരിപാടിക്ക് നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ തുടക്കമായി..

ടേസ്റ്റ് കാഷ്യു വലിയൊരു ആശയത്തിന്റെ തുടക്കം: ജില്ലാ കളക്ടര്‍

വലിയൊരു ആശയത്തിന്റെ തുടക്കമാണ് ഇന്ന് ഈ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ നടന്ന കുടുംബശ്രീയുടെ ടേസ്റ്റ് കാഷ്യൂവിന്റെ ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജങ്ക് ഫുഡ് വാങ്ങി വമ്പന്‍ മുതലാളിമാരെ സമ്പന്നരാക്കുന്നതിന് പകരം നമ്മുടെ നാട്ടിലെ അമ്മമാരുടെ ഈ  ഉത്പന്നങ്ങള്‍ വാങ്ങി അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

പല സ്‌നാക്‌സുകളും നിര്‍മ്മിക്കുന്ന ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നില്ല. പകരം ഇവിടെ സുലഭമായി ലഭിക്കുന്ന കശുവണ്ടി ഉപയോഗിച്ച് ആരോഗ്യപ്രദമായ രീതിയില്‍ തയ്യാറാക്കുന്ന ഈ മിഠായി വാങ്ങിക്കാന്‍ ഓരോ കുട്ടിയും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ചെമ്മനാട് സിഡിഎസിലെ ആശ്രയ കുടുംബശ്രീ അംഗം സാറാബി കളക്ടറുടെ നേതൃത്വത്തില്‍ മിഠായിയുടെ ആദ്യ വില്‍പന നടത്തി.  അഞ്ച് രൂപയും പത്തുരൂപയും വിലയുള്ള മിഠായിക്കായി വിദ്യാര്‍ത്ഥികള്‍ വരി നിന്നു. രുചിച്ചവരെല്ലാം മിഠായി സൂപ്പറെന്ന് പറഞ്ഞ് പണം നല്‍കി.

രണ്ടാംതരത്തില്‍ പഠിക്കുമ്പോള്‍ മിഠായി വാങ്ങാന്‍ റോഡ് മുറിച്ച് കടന്നപ്പോള്‍ ഉണ്ടായ അപകടത്തിന്റെ ഓര്‍മ്മകള്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ കുട്ടികളുമായി പങ്കുവെച്ചു. കുടുംബശ്രീ മധുരവുമായി വിദ്യാലയങ്ങളിലെത്തുമ്പോള്‍ ഇനി റോഡ് മുറിച്ച് കടക്കുകയെന്ന കടമ്പ കുട്ടികള്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്  ആര്‍ ടി ഒ കെ.രവികുമാര്‍, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ, കുടുംബശ്രീ എ.ഡി.എം.സി ജോസഫ് പെരികില്‍, ടി ഐ എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് കുസുമം ജോണ്‍, ഡെപ്യൂട്ടി എച്ച് എം പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ അങ്കണങ്ങളില്‍ ഇനി കുടുംബശ്രീ മധുരം നിറയും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Education, Kudumbasree, Kudumbasree chocolates in Schools
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia