സ്വാശ്രയ മെഡിക്കല്‍ സീറ്റുകളില്‍ താങ്ങാനാകാത്ത ഫീസ്; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: (www.kasargodvartha.com 18.11.2020) സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിക്കാമെന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. സ്വാശ്രയ മെഡിക്കല്‍ സീറ്റുകളില്‍ താങ്ങാനാകാത്ത ഫീസ് ആവശ്യപ്പെടുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് നീക്കം. സ്വാശ്രയമെഡിക്കല്‍ പ്രവേശന നടപടികള്‍ തുടങ്ങാനിരിക്കെ ഫീസില്‍ കടുത്ത അനിശ്ചിതത്വമാണുള്ളത്.
ജസ്റ്റിസ് രാജേന്ദ്ര ബാബു വിവിധ കോളജുകളുടെ സാഹചര്യം നോക്കിയാണ് 6.32 ലക്ഷം മുതല്‍ 7.65 ലക്ഷം വരെ ഫീസ് നിശ്ചയിച്ചത്. വിദ്യാര്‍ത്ഥികള്‍ ഓപ്ഷന് നല്‍കിത്തുടങ്ങിയതിനിടെയാണ് മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ട ഫീസ് കൂടി വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന് ഹൈക്കോടതി ഈ മാസം 13ന് ഉത്തരവിറക്കിയത്. ഇതോടെ മെറിറ്റ് സീറ്റില്‍ വിവിധ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ട 11 മുതല്‍ 22 ലക്ഷം വരെ ഫീസ് നിരക്ക് കൂടി ചേര്‍ത്ത് വിജ്ഞാപനം പുതുക്കിയിറക്കി.
ഇതോടെ ഫീസ് ഇത്രയും ഭാവിയില്‍ കൂടിയാല്‍ അത് കൂടി വിദ്യാര്‍ത്ഥികള്‍ അടക്കേണ്ട സാഹചര്യമുണ്ടായി. ഫീസ് കുറയുമെന്ന് കണ്ട് ഓപ്ഷന് നല്കിയ പാവപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഇതോടെ വെട്ടിലായത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നീക്കം.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Students, Fees, High-Court, Fee in self-financing medical colleges; Government moves Supreme Court against HC order