city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ്; മന്ത്രിക്കും വിദ്യാഭ്യാസ അധികൃതര്‍ക്കും പരാതി

കുണ്ടംകുഴി: (www.kasargodvartha.com 02.07.2017) കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ് നടത്തുന്നതായി പരാതി. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലെ പ്രവേശനത്തിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഇവിടെ സംഭാവനയായി പിരിക്കുന്നത്. 5,000 രൂപയെങ്കിലും കൊടുക്കാനില്ലാത്ത രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പ്രവേശനം മലയാളം മീഡിയത്തില്‍ മാത്രം. സര്‍ക്കാര്‍ നയത്തിനും വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമായി വിദ്യാലയത്തില്‍ പ്രവേശന പരീക്ഷ നടത്തി പണം പിരിക്കുന്നതിനായി വ്യാജ രസീതുകള്‍ ഉപയോഗിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി, വികസന നിധി, അധ്യാപക രക്ഷാകര്‍തൃസമിതി എന്നിങ്ങനെ വിവിധ പേരുകളിലാണ് രസീതുകള്‍ നല്‍കിയിരിക്കുന്നത്. വെല്‍ഫെയര്‍ കമ്മിറ്റി, അധ്യാപക രക്ഷാകര്‍തൃസമിതി എന്നിവയുടെ പേരില്‍ നല്‍കുന്ന രസീതില്‍ വിദ്യാലയത്തിന്റെ സീലോ ബന്ധപ്പെട്ടവരുടെ ഒപ്പോ ഇല്ല. സാധാരണ വിദ്യാലയങ്ങളില്‍ പി ടി എ ഫണ്ട് പിരിക്കുന്നതെല്ലാം അധ്യാപകരാണെങ്കില്‍ ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥി പ്രവേശന സമയത്ത് രക്ഷിതാക്കളോട് വന്‍തുക ആവശ്യപ്പെടുന്നതും പണം വാങ്ങി രസീത് നല്‍കുന്നതും, കിട്ടുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഏത് മീഡിയത്തില്‍ പ്രവേശനം നല്‍കണമെന്ന് നിശ്ചയിക്കുന്നതുമെല്ലാം പി ടി എ അംഗങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കാന്‍ പി ടി എ പ്രസിഡന്റ് കസേരയിട്ടിരിക്കുന്ന കാഴ്ചയും ഈ വിദ്യാലയത്തില്‍ ഉണ്ട്.

കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ്; മന്ത്രിക്കും വിദ്യാഭ്യാസ അധികൃതര്‍ക്കും പരാതി

അഡ്മിഷന് മുന്നോടിയായി പി ടി എ പ്രസിഡന്റിനെ വീട്ടില്‍ പോയി കാണേണ്ട പോലെ കണ്ടാല്‍ എല്ലാം സുഗമമായി നടക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഒന്നില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കാനുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് ഡിസ്‌ക്കൗണ്ട് അനുവദിക്കാനും പി ടി എ തയ്യാറാകുന്നു. 10,000 രൂപയുടെ രസീത് തരും. ഡിസ്‌കൗണ്ട് തുക കുറച്ച് കൊടുത്താല്‍ മതി. കുറവ് നല്‍കുന്ന തുക കൗണ്ടര്‍ ഫോയിലിന്റെ ഒരു ഭാഗത്ത് രേഖപ്പെടുത്തും. വാങ്ങുന്ന തുകക്ക് മാത്രം രസീത് നല്‍കാമെന്നിരിക്കെ ഇപ്രകാരം ചെയ്യുന്നത് വഴി വന്‍ തുക പി ടി എ അംഗങ്ങള്‍ അടിച്ച് മാറ്റുന്നതായാണ് ആക്ഷേപം ഉയരുന്നത്. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പ്രവര്‍ത്തകര്‍ മാത്രം അടങ്ങിയ പി ടി എ കമ്മിറ്റിയാണ് വിദ്യാലയത്തിലുള്ളത്. 2,600 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താതെ ഇതര പാര്‍ട്ടിക്കാരെ പൂര്‍ണമായി ഒഴിവാക്കി പാനല്‍ അവതരിപ്പിച്ചാണ് പി ടി എ കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇങ്ങനെ രൂപീകരിക്കപ്പെട്ട പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണപ്പിരിവ് നടത്തുന്നത്.

കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ്; മന്ത്രിക്കും വിദ്യാഭ്യാസ അധികൃതര്‍ക്കും പരാതി

അടുത്തൊന്നും ഇംഗ്ലീഷ് മീഡിയം വിദ്യാലയം ഇല്ലാത്തതിനാല്‍ ഏതു വിധേനയും രക്ഷിതാക്കള്‍ ഇവിടെ കുട്ടികളെ ചേര്‍ക്കാന്‍ തയ്യാറാകുന്നു. രക്ഷിതാക്കളുടെ ഈ ദുരവസ്ഥയെ സ്‌കൂള്‍ പി ടി എ ചൂഷണം ചെയ്യുകയാണ്. സ്‌കൂള്‍ വികസനത്തിന് ഫണ്ട് പിരിക്കുന്നു എന്ന ന്യായീകണമാണ് വിദ്യാലയ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ഇംഗ്ലീഷ് മീഡിയത്തിന്റെ പേരില്‍ ജില്ലയിലെ മറ്റ് വിദ്യാലയത്തിലൊന്നും ഇല്ലാത്ത രീതിയില്‍ പണപ്പിരിവ് നടത്തുന്നതാണ് കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ വ്യത്യസ്തമാക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മേളകള്‍ പി ടി എ അംഗങ്ങള്‍ക്ക് ചാകരയാണ്. കഴിഞ്ഞ വര്‍ഷം കുണ്ടംകുഴി സ്‌കൂളില്‍ സബ് ജില്ലാ കലോത്സവം നടന്നപ്പോള്‍ 15 ലക്ഷത്തോളം രൂപയാണ് ഇവര്‍ നാട്ടുകാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമായി പിരിച്ചത്. 10 ലക്ഷത്തോളം രൂപ ചിലവായതായും അഞ്ച് ലക്ഷത്തോളം രൂപ മിച്ചമാക്കിയതായും അറിയുന്നു. നോട്ട് നിരോധന കാലഘട്ടത്തിലാണ് നാട്ടുകാരെ പിഴിഞ്ഞ് വന്‍ തുക പിരിച്ചെടുത്തത്. പ്ലസ് വണ്‍ പ്രവേശനത്തിന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഫീസല്ലാതെ മറ്റ് ഫീസുകളൊന്നും വാങ്ങാന്‍ പാടില്ലെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിര്‍ദേശവും എസ് സി, എസ് ടി വിഭാഗക്കാരോട് പി ടി എ ഫണ്ട് ഫണ്ട് പിരിക്കരുതെന്ന സര്‍ക്കാരിന്റെ ഉത്തരവും പരസ്യമായി ലംഘിക്കാന്‍ സ്‌കൂള്‍ പി ടി എ അംഗങ്ങള്‍ തന്നെ നേതൃത്വം നല്‍കുന്ന അവസ്ഥയാണ്.

10 വര്‍ഷത്തിലേറെയായി തുടരുന്ന സ്‌കൂള്‍ പി ടി എയുടെ പിരിവ് മാമാങ്കത്തിലൂടെ പിരിച്ച കോടികള്‍ മാത്രം ഉപയോഗിച്ച് ഇതുപോലത്തെ നിരവധി വിദ്യാലയങ്ങള്‍ പണിയാമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എം എല്‍ എ, എം പി സര്‍ക്കാര്‍ ഫണ്ടുകള്‍ യഥേഷ്ടം ലഭിക്കുമ്പോള്‍ പിന്നെന്തിനാണ് ഇങ്ങനെ ലക്ഷങ്ങള്‍ പിരിക്കുന്നതെന്ന് പൊതുജനത്തോട് വിശദീകരിക്കേണ്ട ബാധ്യത സ്‌കൂള്‍ പി ടി എക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ പി ടി എയുടെ അനധികൃത പണം പിരിവിന് കാലങ്ങളായി ഇവിടത്തെ പ്രധാനാധ്യാപകര്‍ കൂട്ടുനില്‍ക്കുന്ന ലജ്ജാകരമായ അവസ്ഥയാണുള്ളതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

വര്‍ഷങ്ങളായി വിദ്യാലയത്തില്‍ നടക്കുന്ന അനധികൃത പിരിവുകളെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുവാന്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും തയ്യാറാകണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വിദ്യാലയത്തിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബേഡകം മണ്ഡലം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ മാടക്കല്ല് ,കെ എസ് യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രാഹം, ഏതാനും രക്ഷിതാക്കള്‍ എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ അധികൃതര്‍ക്കും പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kundamkuzhi, School, Complaint, Natives, Education, PTA, Kasaragod, Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia