Attack | പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവിനെയും കുടുംബത്തെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി; 4 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
● യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം ബംബ്രാണിക്കും ഭാര്യക്കും കുട്ടികൾക്കും പരിക്കേറ്റു.
● പിന്നിൽ എസ്.ഡി.പി.ഐ-സി.പി.എം. പ്രവർത്തകരാണെന്നാണ് ആരോപണം.
● വിദ്യാനഗര്‍ പോലീസാണ് കേസെടുത്തത്.
ചെര്‍ക്കള: (KasargodVartha) പെരുന്നാള്‍ ദിനത്തില്‍ ബന്ധുവീട്ടില്‍ പോയി കാറില്‍ മടങ്ങുന്നതിനിടെ മുസ്ലിം യൂത്ത് ലീഗ് നേതാവിനെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ.-സി.പി.എം. പ്രവര്‍ത്തകരാണെന്നാണ് ആരോപണം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ചെങ്കള ബംബ്രാണി ഹാഷിം ബംബ്രാണി (36), ഭാര്യ സി.എം. നഫീസത്ത് തസ്നിയ (30), രണ്ട് കുട്ടികള്‍ എന്നിവരെയാണ് നാലംഗ സംഘം ആക്രമിച്ചത്.
പെരുന്നാള്‍ ദിവസം ചെങ്കള കോയപ്പാടിയിലെ ബംബ്രാണി നഗറിലേക്ക് കാറില്‍ വരുന്നതിനിടെ സംഘം കാര്‍ തടയുകയായിരുന്നു. വാഹനം നിര്‍ത്തി ഗ്ലാസ് താഴ്ത്തി കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നാം പ്രതി ഇരുമ്പുവടികൊണ്ട് ഹാഷിം ബംബ്രാണിയുടെ മുഖത്ത് കുത്തുകയും പുറത്തിറങ്ങാന്‍ ശ്രമിക്കവേ കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ഹാഷിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പുറത്തിറങ്ങി ആക്രമണം തടയാന്‍ ചെന്നപ്പോള്‍ ഭാര്യ നഫീസത്ത് തസ്നിയയുടെ കഴുത്തിന് പിടിച്ച് ഷാള്‍ വലിച്ചുകീറി അപമാനിക്കുകയും കുട്ടികളെ തള്ളിയിടുകയും ചെയ്തു. ബഹളം കേട്ട് ആളുകളെത്തിയതോടെയാണ് സംഘം കടന്നുകളഞ്ഞത്. കൈക്കും മുഖത്തും പരിക്കേറ്റ ഹാഷിം പൊവ്വല്‍ സി.എം. ആശുപത്രിയില്‍ ചികിത്സ തേടി. ഭാര്യ തസ്നിയയുടെ പരാതിയില്‍ നവാസ്, കരീം, മുഹ്സിന്‍, മുഖംമൂടി ധരിച്ച ഒരാള്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ.-സി.പി.എം. പ്രവര്‍ത്തകരാണെന്ന് ഹാഷിം ആരോപിച്ചു. ചെര്‍ളടുക്കയില്‍ ഏതാനും ദിവസം മുമ്പ് നടന്ന അടിപിടിക്കേസില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ കേസില്‍ ഉള്‍പ്പെട്ടത് തന്റെ ഇടപെടല്‍ മൂലമാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചതെന്ന് ഹാഷിം പറയുന്നു.
പെരുന്നാള്‍ ദിനത്തില്‍ യൂത്ത് ലീഗ് നേതാവായ ഹാഷിമിന് നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
Youth League leader and his family were attacked while returning from a relative's house on Eid day. Four individuals have been charged in the incident. The leader alleges that SDPI and CPM workers were behind the attack. Police have initiated an investigation.
#KeralaNews #Attack #YouthLeague #Eid #Kasargod #PoliceCase