Murder | പിതാവിനെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊന്നുവെന്ന കേസിൽ പ്രതിയായ മകന് 8 വര്‍ഷം കഠിന തടവും പിഴയും
● ചിറ്റാരിക്കൽ മാലോത്തെ ദാമോദരനാണ് കൊല്ലപ്പെട്ടത്.
● മകൻ അനീഷിനാണ് 8 വർഷം കഠിന തടവും 50,000 രൂപ പിഴയും കോടതി വിധിച്ചത്.
● 2019 ജൂലൈ 28ന് രാത്രി 11.45 മണിയോടെയാണ് കൊലപാതകം നടന്നത്.
കാസര്‍കോട്: (KasargodVartha) പിതാവിനെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മകന് കോടതി എട്ടുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റാരിക്കാൽ മാലോം അതിരുമാവു കോളനിയിലെ പാപ്പിനി വീട്ടില്‍ ദാമോദരനെ (62) വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന്‍ അനീഷിനെ (36) യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെക്ഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
കേസിൽ ദൃക്‌സാക്ഷികളായ ദാമോദരന്റെ ഭാര്യ രാധാമണി, മക്കളായ സനീഷ്, ദിവ്യ എന്നിവരും അയല്‍വാസികളും ഉൾപ്പെടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിട്ടും കോടതി പ്രതിക്ക് ശിക്ഷ കിട്ടിയിരിക്കുകയാണ്. 2019 ജുലൈ 28ന് രാത്രി 11.45 മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പ്രതി പിതാവുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.
പിന്നീട് കൊല്ലപ്പെട്ട ദാമോദരന്‍ ഭാര്യ രാധാമണിയെ ആക്രമിക്കാന്‍ വാക്കത്തിയുമായി പോയപ്പോള്‍ പ്രതി അനീഷ് തടയുകയും അതിനിടെ അനീഷിന് മുറിവേൽക്കുകയും ചെയ്തിരുന്നു. ഇതോടെ കാണിച്ചു തരാമെന്ന് പറഞ്ഞ് മകന്‍ വിറക് ഷെഡില്‍ നിന്ന് വിറകെടുത്ത് ദാമോദരന്റെ തലക്കടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യുഷൻ വാദിച്ചത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
വാക്കേറ്റത്തിനിടെ പ്രതിയുടെ കൈക്കേറ്റ മുറിവും മരണപ്പെട്ട ദാമോദരന്റെ വസ്ത്രത്തില്‍ നിന്നും മറ്റു തൊണ്ടിമുതലുകളില്‍ നിന്നും കിട്ടിയ പ്രതിയുടെ രക്തത്തിന്റെ സാമ്പിൾ പരിശോധനാ ഫലവും കേസില്‍ നിര്‍ണായക തെളിവുകളായി കോടതി കണക്കിലെടുത്തു. കേസില്‍ പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ചിറ്റാരിക്കല്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ പി വിനോദ് കുമാറാണ് കേസന്വേഷണം നടത്തി കോടതിയിൽ പഴുതുകളച്ച കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു പോക്‌സോ കേസും നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ കൂടിയായ പബ്ലിക് പ്രോസിക്യൂടര്‍ ഇ ലോഹിതാക്ഷന്‍, അഡ്വ. ആതിര ബാലന്‍ എന്നിവരാണ് ഹാജരായത്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
A son has been sentenced to 8 years of rigorous imprisonment and a fine of ₹50,000 by a Kasaragod court for murdering his father. Despite eyewitnesses turning hostile, the court convicted the accused based on circumstantial and scientific evidence.
#Kasaragod, #Murder, #CourtVerdict, #FamilyViolence, #CrimeNews, #KeralaNews