Assault | ഗെയിമിംഗ് ആപുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൻ്റെ പേരിൽ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി മർദിച്ചതായി പരാതി
● മുഹമ്മദ് ശാനവാസ് എന്ന യുവാവിനെയാണ് ആക്രമിച്ചത്.
● യുവാവ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
● മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം
കാസർകോട്: (KasargodVartha) ഗെയിമിംഗ് ആപുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൻ്റെ പേരിൽ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി മർദിച്ചതായി പരാതി. യുവാവിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ചംഗ സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. റെഡിമെയ്ഡ് വസ്ത്രങ്ങൾ കടകളിൽ എത്തിച്ചു കൊടുക്കുന്ന നുള്ളിപ്പാടിയിലെ മുഹമ്മദ് ശാനവാസ് എന്ന ശാനു (24) വിനെയാണ് ആക്രമിച്ചത്.
സംഭവത്തെ കുറിച്ച് യുവാവ് കാസർകോട് വാർത്തയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: 'വ്യാഴാഴ്ച രാത്രി പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം രാത്രി 10.30 മണിയോടെ നുള്ളിപ്പാടിയിലെ ചോപ്പാട്ടി ഹോടലിൽ ചായ കഴിക്കാൻ പോയപ്പോഴാണ്, നിരവധി കേസുകളിൽ പ്രതിയായ ഡി എ സെമീർ, സുഹൈൽ, മംഗ്ളൂറിലെ മുംതശീർ, എറണാകുളത്തെ മറ്റ് രണ്ടു പേർ എന്നിവർ ചേർന്ന് തട്ടികൊണ്ടു പോയത്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു പിടിച്ചു കൊണ്ടുപോയത്.
തൻ്റെ ബെംഗ്ളൂറിലെ സുഹൃത്ത് വിശാൽ വഴി പലപ്പോഴായി ഗെയിമിംഗ് ആപ് വഴി കമ്പനിക്ക് വേണ്ടി സന്നദ്ധരാകുന്നവരുടെ അകൗണ്ട് നമ്പറും മൊബൈൽ സിംകാർഡും മറ്റും അയച്ചുകൊടുത്ത് കമ്മീഷൻ വ്യവസ്ഥയിൽ പണമിടപാട് നടത്തിവന്നിരുന്നു. ഇത്തരത്തിൽ മംഗ്ളൂറിലെ മുംതശീർ ബാങ്ക് അകൗണ്ട് രേഖകളും സിമ്മും മറ്റ് വിവരങ്ങളും ബസിൽ അയച്ചു തന്നതിൻ്റെ അടിസ്ഥാനത്തിൽ വിശാൽ വഴി ഗെയിമിംഗ് കമ്പനിക്ക് നൽകിയിരുന്നു. ഐപിഎൽ മത്സരം ആരംഭിച്ചതോടെ ദുബൈയിൽ നിന്നും എൻആർഐ അകൗണ്ട് വഴി ആളുകൾ നികുതി അടച്ചു കൊണ്ട് ഗെയിമിൽ ചേരുന്നുണ്ട്.
ഒരാഴ്ച പോലും തികയുന്നതിന് മുമ്പ് തന്നെ മുംതശീർ അകൗണ്ട് രേഖകളും സിമ്മും മറ്റും തിരിച്ചു തരണമെന്നും തൻ്റെ അകൗണ്ട് വഴി പണമിടപാട് നടത്തേണ്ടതില്ലെന്നും പറഞ്ഞ് സമീപിച്ചു. കരാർ പ്രകാരമുള്ള കാലാവധിക്ക് മുമ്പ് രേഖകൾ തിരിച്ചുകിട്ടണമെങ്കിൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി അടക്കണമെന്നാണ് അറിയിച്ചത്. എന്നാൽ മുംതശീർ അതിനൊന്നും തയ്യാറാകാതെ 24 മണിക്കൂറിനകം തന്നില്ലെങ്കിൽ കാണിച്ചു തരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി തന്നെ കാറിൽ തട്ടികൊണ്ടു പോയത്. കാറിൽ രണ്ട് മൂന്ന് മണിക്കൂറോളം കറക്കി ക്രൂരമായി മർദിച്ചു. പിന്നീട് ദേളി ആശുപത്രിക്ക് സമീപത്തെ മൈതാനത്ത് കൊണ്ടു പോയി പുറത്തിറക്കിയും ക്രൂരമായി മർദിച്ചു. തന്നെ മയക്കുമരുന്ന് കുത്തിവെച്ചു കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മുക്കിൽ നിന്നും കയ്യിൽ നിന്നും ചോര വാർന്നു കൊണ്ടിരിക്കെ മർദിച്ച് അഞ്ച് രീതിയിൽ വീഡിയോ ചിത്രീകരിച്ചു.
താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും എംഡിഎംഎ നൽകി രണ്ട് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചുവെന്നും ഇത് കൂടാതെ മാതാവിനെയും സഹോദരിയെയും എംഡിഎംഎ നൽകി ഉപദ്രവിച്ചുവെന്നും പറയാൻ നിർബന്ധിച്ചു. ഇത് പറയാൻ കൂട്ടാക്കാതെ നിന്നപ്പോൾ സ്റ്റിറോയ്ഡ് നിറച്ച സിറിഞ്ച് കാട്ടി കഴുത്തിൽ കുത്തിവെച്ച് കോമയിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി. തൻ്റെ കയ്യിൽ 22 ഗ്രാം എംഡിഎംഎ യും എൽഎസ്ഡിയും നൽകി പൊലീസിനെ കൊണ്ട് പിടിപ്പിച്ച് ഉള്ളിൽ ആക്കുമെന്നും പറഞ്ഞു.
തൻ്റെ ഫോണിൽ ഉണ്ടായിരുന്ന താനും കാമുകിയും ഒപ്പം യാത്ര ചെയ്തപ്പോൾ ഉള്ള ഫോടോ സമീറിൻ്റെ ഫോണിലേക്ക് അയച്ചിരുന്നു. ഇത് വെച്ച് കാമുകിയുടെ വീട്ടുകാരെയും വിളിച്ച് രഹസ്യ ഫോടോകൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനും ശ്രമിച്ചു. കാമുകിയുടെ വീടിന് അടുത്ത് കൊണ്ടുപോയും തന്നെ മർദിച്ചിരുന്നു. പൊലീസിൽ എല്ലാ പിടിപാടും തനിക്ക് ഉണ്ടെന്ന് സമീർ പറഞ്ഞുകൊണ്ടേയിരുന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് കാണിക്കാൻ ചില ശബ്‌ദ സന്ദേശങ്ങളും കേൾപ്പിച്ചു.
രാവിലെ ഏഴു മണിയോടെ താൻ നിരപരാധിയാണെന്നും ആ അകൗണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും, സിമ്മിൻ്റെ ഡ്യൂപ്ലികേറ്റ് തങ്ങൾ എടുത്തിട്ടുണ്ടെന്നും ആ അകൗണ്ട് റദ്ദ് ചെയ്യുമെന്നും ഇനി വേണ്ടെന്നും പറഞ്ഞ ശേഷം അവരുടെ കാറിൽ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വണ്ടിയിൽ നിന്നും വീണതാണെന്നോ പൊലീസ് ഓടിപ്പിച്ചപ്പോൾ വീണതാണെന്നോ ഡോക്ടറോട് പറയണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അങ്ങനെ പറഞ്ഞില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
ഡോക്ടർ പരിശോധിച്ചപ്പോർ വാഹനത്തിൽ വീണതാണെന്ന് തോന്നുന്നില്ലെന്നും ആരോ മർദ്ദിച്ചത് പോലുള്ള പരിക്കാണെന്നും പറഞ്ഞെങ്കിലും സംഘത്തിൻ്റെ ഭീഷണി കാരണം അത് ശരിയല്ലെന്ന് പറയേണ്ടി വന്നു. പിന്നീട് മരുന്ന് വാങ്ങി വീട്ടിലെത്തിയപ്പോൾ മാതാവിനോട് വണ്ടിയിൽ നിന്ന് വീണതാണെന്നും ആശുപത്രിയിൽ കാന്നിച്ചുവെന്നും പറഞ്ഞു.
മാതാവ് ചുട് വെള്ളം കുത്തിപ്പിടിച്ച് തന്നു. പിന്നീട് വീട്ടിൽ ക്ഷീണത്തിൽ ഉറങ്ങിപ്പോയ താൻ ഉച്ചയോടെ എഴുന്നേറ്റപ്പോൾ കണ്ണ് തുറക്കാൻ പോലും കഴിയാതെ നീറുവെച്ച നിലയിലായിരുന്നു. വണ്ടിയിൽ നിന്നും വീണതല്ലെന്നും എന്തു സംഭവിച്ചതാണെന്നും മാതാവ് കരഞ്ഞുകൊണ്ട് ചോദിച്ചതോടെയാണ് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞത്. ഇതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചു അഡ്മിറ്റ് ചെയ്യുകയായിരുന്നു'.
പൊലീസ് യുവാവിൻ്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികളെല്ലാം സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്. യുവാവ് ആശുപത്രിയിലായ ശേഷവും സമീർ വിളിച്ച് പൊലീസിനോട് താൻ പറഞ്ഞ കാര്യങ്ങളും മറ്റും പല വിവരങ്ങളും അതേപോലെ അറിയിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശാനവാസ് പറഞ്ഞു. പൊലീസുമായി തനിക്ക് ബന്ധമുണ്ടെന്നും എന്ത് വിവരങ്ങളും കിട്ടുമെന്നും പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തിയെന്നും ശാനവാസ് കൂട്ടിച്ചേർത്തു.
സംശയം തോന്നി സുഹൃത്തിൻ്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് തൻ്റെ വാട്സ് ആപ് സ്‌കാൻ ചെയ്ത് മറ്റൊരു ഉപകരണവുമായി വാട്സ് ആപ് ബന്ധിപ്പിച്ചതായി വ്യക്തമായെന്നും ഇത് വഴിയാണ് സമീർ സംഭവത്തിന് ശേഷവും തൻ്റെ വിവരങ്ങൾ ചോർത്തിയതെന്നും ശാനവാസ് പറഞ്ഞു.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.
A young man was allegedly assaulted by a gang of five over a financial transaction related to a gaming app. He was admitted to Kasaragod General Hospital, and the police have initiated an investigation focusing on the five-member gang.
#GamingApp #Crime #Assault #Kasaragod #KeralaPolice #Investigation