Arrested | 'വീട് കുത്തിതുറന്ന് കവർച നടത്തിയ ശേഷം ഒന്നുമറിയാത്തപോലെ വീട്ടുകാർക്കൊപ്പം കൂടി; പരാതി നൽകാനും മറ്റുമായി നാടകം കളിച്ചു'; ഒടുവിൽ ബന്ധുവായ യുവാവിനെ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു; സ്വർണം ഒളിപ്പിച്ചത് പണിസ്ഥലത്തെ വീട്ടിൽ
കുമ്പള: (www.kasargodvartha.com) പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണാഭരണങ്ങൾ കവർച ചെയ്ത കേസിലെ പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ യക്ഷിദിനെ (23) യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തത്. സെൻട്രിംഗ് മേസ്ത്രിയാണ് അറസ്റ്റിലായ യുവാവ്. ഇക്കഴിഞ്ഞ ജനുവരി നാലിനാണ് ഹേരൂരിലെ ആനന്ദയുടെ വീട്ടിൽ കവർച നടന്നത്.
വീടുപൂട്ടി തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടുകാർ പോയ തക്കം നോക്കി വീട് കുത്തിതുറന്ന് 11 പവന്റെ ആഭരണങ്ങളാണ് പ്രതി കവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമ കുമ്പള ഹേരൂരിലെ ആനന്ദയുടെ ഭാര്യ വിജയ ലക്ഷ്മി (40) യുടെ പരാതിയിൽ കേസെടുത്ത പൊലീസിന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ തുമ്പൊന്നും കിട്ടിയില്ല. ഇതിനിടയിൽ ബന്ധുവായ യക്ഷിദിന്റെ കാർ സംഭവ സമയം ഇതുവഴി പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെ പൊലീസ് യക്ഷിദിനെ നിരീക്ഷണത്തിലാക്കി.
'ഉത്സവത്തിന് പോകാതിരുന്ന വീടിനടുത്തുള്ള സ്ത്രീയുടെ മൊഴിയിൽ യക്ഷിദ് കവർച നടന്ന വീടിനടുത്ത് ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി നിൽക്കകള്ളിയില്ലാതെ കുറ്റം സമ്മതിച്ചു. കവർച നടത്തിയ സ്വർണം യക്ഷിദ് സെൻട്രിംഗ് പണി നടത്തി വരുന്ന വീട്ടിൽ ഒളിപ്പിച്ചു വെച്ചത് എടുത്ത് നൽകുകയും ചെയ്തു. കവർച നടത്തിയ വീടിന്റെയും തൊട്ടടുത്ത മറ്റൊരു വീടിന്റെയും ജനൽ ഗ്ലാസുകൾ തകർത്ത് പൊലീസിനെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനും യുവാവ് ശ്രമിച്ചിരുന്നു.
വീട്ടുകാർക്കൊപ്പം നിന്ന് പൊലീസിൽ എത്തി പരാതി നൽകാനും മറ്റും യക്ഷിദ് തന്നെയായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. പൊലീസ് നായ എത്തിയപ്പോൾ യുവാവ് വീട്ടുകാർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ആയിരുന്നത് കൊണ്ടാണ് ആദ്യം തന്നെ പിടിക്കപ്പെടാതിരുന്നത്. യുവാവ് പോയ പരിസരത്തെ സ്ഥലത്തെല്ലാം പൊലീസ് നായ എത്തിയിരുന്നു.
വീട്ടുകാർ നാലിന് രാവിലെ 10 മണിയോടെയാണ് വീടുപൂട്ടി സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയത്. ഉച്ചയ്ക്ക് രണ്ടര മണിയോടെ യക്ഷിദിന്റെ കാറിലാണ് വീട്ടുടമ ആനന്ദ തിരിച്ചെത്തിയത്. അപ്പോഴാണ് അടുക്കള വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. അകത്ത് കയറി നോക്കിയപ്പോഴാണ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച 11 പവന്റെ ആഭരണങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആനന്ദ യക്ഷിദിനെയാണ് ആദ്യം സംഭവം വിളിച്ചറിയിച്ചത്', പൊലീസ് പറഞ്ഞു. അപ്പോൾ മുതൽ തുടങ്ങിയ യുവാവിന്റെ നാടകമാണ് കുമ്പള പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ പൊളിച്ച് കയ്യിൽ കൊടുത്തത്.
Keywords: News, Kerala, Kumbala, Kasaragod, Top-Headlines, Crime, Police, Youth arrested in theft case.