Kidnapping | യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയത് ആട് സമീറിൻ്റെ നേതൃത്വത്തിലുള്ള ക്വടേഷൻ സംഘമെന്ന് പൊലീസ്; നിരവധി കേസുകളിലെ പ്രതിയടക്കം 2 പേര്‍ അറസ്റ്റില്‍; ശരീരത്തിൽ പൊള്ളലേൽപ്പിച്ചുവെന്നും മൊഴി
● സംഭവം ചട്ടഞ്ചാലിൽ വെച്ച് സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ
● തട്ടിക്കൊണ്ടുപോയ യുവാവിനെ കോഴിക്കോട് താമരശ്ശേരിയിൽ ഇറക്കിവിട്ടു.
● സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാരണമെന്ന് സംശയം
ചട്ടഞ്ചാൽ: (KasargodVartha) സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെ യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആട് സമീറിൻ്റെ നേത്യത്വത്തിലുള്ള ക്വടേഷൻ സംഘമെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമീറലി (26), തമ്മു എന്ന അബൂബകര്‍ സിദ്ദീഖ് (26) എന്നിവരെയാണ് ബേക്കൽ ഡി വൈ എസ് പി വിവി മനോജിൻ്റെ മേൽനോട്ടത്തിൽ മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
അമീറലി യെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കാസർകോട്,വിദ്യാനഗര്‍, ബദിയഡുക്ക, ഹൊസ്ദുര്‍ഗ്, പൊലീസ് സ്റ്റേഷനുകളില്‍ കൊള്ള പിടിച്ചുപറി അടക്കമുള്ള കേസുകളിൽ പ്രതിയാണ് അമീറലിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അബൂബകര്‍ സിദ്ദീഖിനെ മലപ്പുറം വെള്ളാപ്പുവില്‍ വച്ചാണ് തിങ്കളാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 'വെള്ളിയാഴ്ച ഉച്ചയ്ക്ക് ചട്ടഞ്ചാല്‍ കുന്നാറയിലെ കെ അര്‍ശാദിനെ (26) യാണ് കാറിലെത്തിയ ആട് സമീറും സംഘവും കാറിൽ തട്ടിക്കൊണ്ടുപോയത്. കുന്നാറയിലെ ജീലാനി സൂപര്‍ മാര്‍കറ്റിനു സമീപത്ത് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന അര്‍ശാദിനെ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്.
സുഹൃത്ത് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്ക് പിന്നാലെ എത്തുന്നത് കണ്ട് അര്‍ശാദിനെ കോഴിക്കോട് താമരശ്ശേരിയില്‍ ഇറക്കിവിടുകയായിരുന്നു. താമരശ്ശേരിയിൽ നിന്നും ബസ് കയറി യുവാവ് നാട്ടിലെത്തി പൊലീസിൽ ഹാജരാവുകയായിരുന്നു. തട്ടിക്കൊണ്ടു പോയവർ ക്രൂരമായി അക്രമിക്കുകയും ഇലക്ട്രിക് ഉപകരണം കൊണ്ട് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി അര്‍ശാദ് പൊലീസിനു മൊഴി നല്‍കി'.
സാമ്പത്തിക ഇടപാടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പൊലീസ് സംശയിക്കുന്നു. സ്വർണം പൊട്ടിക്കൽ, മയക്കുമരുന്ന് ഇടപാട്, ക്വടേഷൻ, പിടിച്ചുപറി തുടങ്ങിയ ക്രിമിനൽ പ്രാർത്തനം തൊഴിലാക്കിയ സംഘത്തിൽ അഞ്ചു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ആട് സെമീർ ബെംഗ്ളൂറിലേക്ക് കടന്നതായാണ് വിവരം. പൊലീസ് സംഘത്തില്‍ എസ്ഐ കെ വേലായുധന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹിതേഷ്, രാമചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
#CrimeNews #Kerala #AaduSameer #Police #Abduction #YouthSafety