Arrest | മീൻ വിൽപനക്കാരൻ ജീവനൊടുക്കിയ കേസിൽ യുവതി അറസ്റ്റിൽ
● രണ്ട് മാസം മുമ്പാണ് സംഭവം.
● ആത്മഹത്യാക്കുറിപ്പിൽ യുവതി പണം ആവശ്യപ്പെട്ടതായി പറയുന്നു.
● മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു
ചെറുവത്തൂർ: (KasargodVartha) മടക്കര കാവുംചിറയിലെ മീൻ വിൽപനക്കാരനായ കെ വി പ്രകാശൻ ജീവനൊടുക്കിയ കേസിൽ മീൻ വിൽപന തൊഴിലാളിയായ യുവതി അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സി ഷീബ (37) യാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷീബ നൽകിയ വ്യാജ പരാതിയെ തുടർന്നുള്ള മനോവിഷമത്തിലാണ് പ്രകാശൻ ജീവനൊടുക്കിയതെന്നാണ് ആരോപണം.
രണ്ട് മാസം മുമ്പ് പ്രകാശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ യുവതി രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടെന്നു വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് പ്രകാശന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രകാശനെ കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രകാശന്റെ വീട്ടുകാരും വിവിധ സംഘടനകളും ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.