Arrest | അധോലോക കുറ്റവാളിയുടെ അടുത്ത സഹായിയായ കാസർകോട് സ്വദേശി മംഗ്ളൂറിൽ മയക്കുമരുന്നുമായി പിടിയിൽ; 5 ലക്ഷം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു; അറസ്റ്റിലായത് 9 വർഷമായി ഒളിവിൽ കഴിയുന്നതിനിടെ
● അബ്ദുൽ അസീർ എന്ന സദ്ദു ആണ് അറസ്റ്റിലായത്
● മയക്കുമരുന്നുമായി എത്തിയത് കാസർകോട്ട് നിന്ന്
● നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്
മംഗ്ളുറു: (KasargodVartha) അധോലോക കുറ്റവാളി കാളി യോഗീഷിന്റെ അടുത്ത സഹായിയായ കാസർകോട് സ്വദേശി ഒമ്പത് വർഷത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം മംഗ്ളുറു സിറ്റി ക്രൈം ബ്രാഞ്ചിന്റെ (സിസിബി) പിടിയിലായി. പൊലീസ് ഇയാളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 53 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ അസീർ എന്ന സദ്ദു (32) ആണ് അറസ്റ്റിലായത്.
കാസർകോട്ട് നിന്ന് മയക്കുമരുന്നുമായി എത്തിയ ഇയാൾ മംഗ്ളുറു നഗരത്തിലെ നന്തൂർ എന്ന സ്ഥലത്ത് വിൽപ്പന നടത്താൻ ശ്രമിക്കുമ്പോളാണ് സിസിബി പൊലീസിന്റെ വലയിൽ വീണതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ വിദേശത്ത് ഒളിവിൽ കഴിയുകയാണ് കാളി യോഗീഷ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അബ്ദുൽ അസീർ. പുത്തൂരിലെ രാജധാനി ജ്വല്ലേഴ്‌സിൽ നടന്ന വെടിവെപ്പ് കേസിൽ ഇയാൾ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. എന്നാൽ അതിനുശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു.
കാസർകോട് കുമ്പള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ശഫീഖ് കൊലക്കേസ്, ഒരു പോക്സോ കേസ്, മോഷണക്കേസ്, കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് തീയിട്ട കേസ് എന്നിവയടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഈ കേസുകളിൽ കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മംഗ്ളുറു പൊലീസ് കമ്മീഷണർ അനുപം അഗർവാളിന്റെ നിർദേശാനുസരണം, ഡെപ്യൂട്ടി കമ്മീഷണർമാരായ സിദ്ധാർത്ഥ് ഗോയൽ, കെ രവിശങ്കർ എന്നിവരുടെ മേൽനോട്ടത്തിലാണ് യുവാവിനെ പിടികൂടിയത്.
An underworld associate from Kasaragod, a close aide of Kali Yogish, was arrested in Mangalore with MDMA worth 5 lakh rupees after being on the run for nine years.
#MangaloreCrime, #DrugArrest, #Underworld, #Kasargod, #MDMA, #CCB