Assault | 'മദ്യലഹരിയില്‍ ട്രെയിനില്‍ 2 യുവാക്കള്‍ ഛര്‍ദ്ദിച്ചു; ഇറങ്ങി പോകുമ്പോള്‍ വൃത്തിയാക്കാന്‍ പറഞ്ഞതിന് യാത്രക്കാരനെ കല്ലുകൊണ്ട് കുത്തി തല പൊട്ടിച്ചു'; പ്രതികള്‍ക്കായി തിരച്ചില്‍
● ആക്രമണത്തിന് ഇരയായത് കൊല്ലം, ശക്തികുളങ്ങര സ്വദേശി മുരളി.
● മംഗ്‌ളൂറുവില്‍ മീന്‍പിടുത്തം ചെയ്ത് വരികയാണ് പരുക്കേറ്റയാള്‍.
● കയറിയതുമുതല്‍ ബഹളംവെച്ച് യുവാക്കള്‍ ബുദ്ധിമുട്ട് ഉണ്ടാക്കി.
കാഞ്ഞങ്ങാട്: (KasargodVartha) മംഗ്‌ളൂറില്‍നിന്ന് മദ്യലഹരിയില്‍ ട്രെയിനില്‍ കയറിയ രണ്ട് യുവാക്കള്‍ യാത്രക്കാര്‍ക്ക് ശല്യം ഉണ്ടാക്കുകയും ശുചിമുറിക്കടുത്ത് ഛര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങി പോകുമ്പോള്‍ വൃത്തിയാക്കാന്‍ പറഞ്ഞ യാത്രക്കാരനെ കല്ലുകൊണ്ട് കുത്തി തല പൊട്ടിച്ചു. കൊല്ലം, ശക്തികുളങ്ങര സ്വദേശി മുരളി(Murali-62)യെയാണ് തല പൊട്ടി നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് തലയില്‍ ഏഴ് തുന്നികെട്ടലുകള്‍ വേണ്ടിവന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇല്യാസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് ഇല്യാസ് പറയുന്നത് ഇങ്ങനെ: മംഗ്‌ളൂറുവില്‍ മീന്‍പിടുത്തം ചെയ്ത് വരികയാണ് തങ്ങള്‍. ജോലി കഴിഞ്ഞ് അവധിക്ക് മംഗ്‌ളൂറു സെന്‍ട്രലില്‍നിന്നും വ്യാഴാഴ്ച രാത്രി 11.45 ന് പുറപ്പെട്ട വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ നാട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. തങ്ങളുടെ കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന യുവാക്കള്‍ കയറിയതുമുതല്‍ ബഹളംവെച്ച് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.57 നാണ് കാഞ്ഞങ്ങാട്ട് ട്രെയിന്‍ എത്തിയത്. ഇതിന് തൊട്ടുമുന്‍പ് ശുചിമുറിയിലേക്ക് പോകുകയായിരുന്ന മുരളി, യുവാക്കള്‍ ഛര്‍ദ്ദിച്ച് വൃത്തിക്കേടാക്കിയത് കണ്ട് വൃത്തിയാക്കി പോകണമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ യുവാക്കള്‍ ബഹളം വെയ്ക്കുകയും മറ്റ് യാത്രക്കാര്‍ ഇടപെട്ട് ഇവരെ കാഞ്ഞങ്ങാട്ട് ഇറക്കിവിടുകയുമായിരുന്നു.
ട്രെയിന്‍ ഇറങ്ങിയ യുവാക്കള്‍ തൊട്ടുപിന്നാലെ താഴെനിന്നും കരിങ്കല്ല് എടുത്ത് ആദ്യം എറിയുകയും ഏറ് കൊള്ളാത്തതിനാല്‍ ഇവരില്‍ ഒരു യുവാവ് കല്ലുമായി ട്രെയിനില്‍ വീണ്ടും കയറി മുരളിയുടെ തലയ്ക്ക് ശക്തയായി കുത്തുകയുമായിരുന്നു. രക്തം വാര്‍ന്നൊഴുകിയ ഉടനെ തന്നെ മുരളി ബോധരഹിതനായി. അപ്പോഴേക്കും ട്രെയിന്‍ കാഞ്ഞങ്ങാട്ടുനിന്നും വിട്ടിരുന്നു.
തുടര്‍ന്ന് മറ്റ് യാത്രക്കാരുടെ സഹായത്തോടെ മുറിവ് വെച്ചുകെട്ടുകയും റെയില്‍വെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ചെയ്തു. സ്റ്റേഷന്‍ മാസ്റ്ററുടെ നിര്‍ദേശപ്രകാരം ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോഴേക്കും അവിടെ പൊലീസ് ആംബുലന്‍സുമായി കാത്തുനിന്നിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഏഴ് തുന്നികെട്ടുകള്‍ വേണ്ടിവന്ന മുരളി ഇപ്പോഴും അവശനിലയിലാണെന്ന് ഇല്യാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തെ കുറിച്ച് റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വെ പ്രിന്‍സിപല്‍ എസ്‌ഐ റെജികുമാര്‍, എസ്‌ഐ എംബി പ്രകാശന്‍, എഎസ്‌ഐ ഇല്യാസ് എന്നിവരടങ്ങുന്ന പ്രത്യേകസംഘം തന്നെ രൂപികരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുവാക്കള്‍ മംഗ്‌ളൂറില്‍നിന്ന് കയറുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നതോടെ, പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
#KeralaCrime #TrainAttack #PoliceInvestigation #JusticeForVictim