Investigation | 'കാസർകോട്ട് ട്രെയിൻ അട്ടിമറിക്ക് ശ്രമം'; വെളിച്ചെണ്ണയുടെ പ്ലാസ്റ്റിക് കുപ്പിയും ഗ്ലാസ് കുപ്പിയും നാണയങ്ങളും ഒട്ടിച്ച് വെച്ച നിലയിൽ കണ്ടെത്തി; ഒരു പാളത്തിലൂടെ ട്രെയിൻ കയറിപ്പോയി
● പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
● കാസർകോട് പള്ളം അടിപ്പാതയ്ക്ക് സമീപമാണ് സംഭവം
● മുൻപ് സമാനമായ സംഭവങ്ങൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്
കാസർകോട്: (KasargodVartha) പള്ളം അടിപ്പാതയ്ക്ക് സമീപം റെയിൽ പാളത്തിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം നടന്നതായി സൂചന. പാരച്യൂട് എണ്ണയുടെ പ്ലാസ്റ്റിക് കുപ്പിയും ലോഹ കഷ്ണങ്ങളും ഗ്ലാസ് കുപ്പിയും നാണയങ്ങളും സെലോ ടാപ് കൊണ്ട് ഒട്ടിച്ച് വെച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ട്രെയിൻ അട്ടിമറിശ്രമം പുറത്ത് വന്നത്. കിഴക്ക് ഭാഗത്തെയും പടിഞ്ഞാറ് ഭാഗത്തെയും രണ്ട് പാളങ്ങളിലും സമാനമായ സാധനങ്ങൾ വെച്ചതായി റെയിൽവെ പൊലീസ് അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.
കിഴക്ക് ഭാഗത്തെ പാളത്തിലൂടെ ട്രെയിൻ കയറി പോയി. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടം ഒഴിവായത്.
പാളം പരിശോധിച്ചു വന്ന ട്രാക് മാനാണ് പടിഞ്ഞാറ് ഭാഗത്തെ പാളത്തിൽ വെച്ച സാധനങ്ങൾ കണ്ടെത്തിയത്. ഇദ്ദേഹം ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവമറിയിച്ചു. സ്റ്റേഷൻ മാസ്റ്റർ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംദിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പാളത്തിൽ അപകട സാധ്യതയുള്ള സാധനങ്ങൾ കണ്ടെത്തിയത്. വെളിച്ചെണ്ണ പാളത്തിൽ ഒഴിച്ച ശേഷമാണ് കുപ്പി ഒട്ടിച്ച് വെച്ചത്. പൊലീസ് നായയെയും സ്ഥലത്ത് കൊണ്ടുവന്ന പരിശോധിച്ചു. സംഭവത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ടതിനെ തുടർന്ന് പാലക്കാട് നിന്ന് ഡിവൈഎസ്‌പി സന്തോഷ് കുമാർ, കോഴിക്കോട് റെയിൽവേ സിഐ സുധീർ മനോഹർ, കാസർകോട് റെയിൽവേ എസ്ഐ എംവി പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുന്നതിന് സമീപത്ത് സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ജില്ലയുടെ പല ഭാഗങ്ങളിലും സമാന സംഭവങ്ങൾ നടന്നിരുന്നു. ഉദുമയിൽ ഇരുമ്പ് കഷ്‌ണം പാളത്തിൽ വെച്ച സംഭവം ഉണ്ടായിരുന്നു. കളനാട് തുരങ്കത്തിന് സമീപം പാളത്തിൽ കല്ലുകൾ നിരത്തിവച്ച നിലയിലും പഴയ ക്ലോസറ്റിന്റെ ഭാഗങ്ങൾ വെച്ച നിലയിലും കണ്ടെത്തിയിരുന്നു.
#Kasaragod #TrainDerailment #Sabotage #KeralaNews #RailwaySafety #Investigation