Train Attack | ട്രെയിനില്‍ യുവതിയെ ശല്യം ചെയ്ത പ്രതി പിടിയില്‍; അറസ്റ്റ് ചെയ്തത് 24 മണിക്കൂറിനുള്ളില്‍!
● സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
● ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആക്രമണം നടന്നത്.
● പ്രതി മദ്യലഹരിയിലായിരുന്നു.
കാസർകോട്: (KasargodVartha) ട്രെയിൻ യാത്രക്കിടെ പെൺസുഹൃത്തിനെ ശല്യം ചെയ്യുകയും, മോശമായി നോക്കിയതിനെ ചോദ്യം ചെയ്ത ആൺസുഹൃത്തിനെ മർദിക്കുകയും, ട്രെയിനിന് കല്ലെറിയുകയും ചെയ്ത പ്രതി 24 മണിക്കൂറിനുള്ളിൽ അറസ്റ്റിലായി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്. അനിൽകുമാർ (41) ആണ് പിടിയിലായത്.
കാസർകോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ എം. റെജി കുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐ എം. വി. പ്രകാശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനീഷ്, സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ് ജോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊയിനാച്ചിയിൽ വെച്ചാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രതിയെ പിടികൂടിയത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഞായറാഴ്ച രാത്രി 7.30 ഓടെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതി ആക്രമണം നടത്തിയത്. മംഗ്ളൂറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16630 നമ്പർ മലബാർ എക്സ്പ്രസിലെ ജനറൽ കോച്ചിലെ യാത്രക്കാരായിരുന്ന മലപ്പുറത്തെ റിജാസും പെൺസുഹൃത്തും പ്രതിയും. യാത്രക്കിടെ റിജാസിൻ്റെ പെൺസുഹൃത്തിനെ പ്രതി മോശമായി നോക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത വിരോധത്തിൽ പരസ്പരം വാക്കേറ്റം നടന്നു. മദ്യലഹരിയിലായിരുന്ന പ്രതിയും സുഹൃത്തും ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം റിജാസിൻ്റെ മുഖത്തടിക്കുകയായിരുന്നു. പിന്നീട് റിജാസിനെ ആക്രമിക്കാനായി ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. പ്രതി അക്രമാസക്തനാവുകയും കല്ലെറിയുകയും ചെയ്യുന്ന വീഡിയോ പെൺകുട്ടി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പോലീസ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതും, 24 മണിക്കൂറിനുള്ളിൽ റെയിൽവേ പോലീസ് ഊർജിതമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയതും.
പെയിൻ്റിംഗ് തൊഴിലാളിയാണ് യുവാവ്. മംഗ്ളൂറിൽ ഞായറാഴ്ച മദ്യപിക്കാൻ സുഹൃത്തിനൊപ്പം പോയതായിരുന്നു. കാസർകോട് ഒരു അടിപിടി കേസിലും യുവാവ് പ്രതിയാണെന്ന് സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു. പ്രതിയുടെ സുഹൃത്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക.
Man was arrested within 24 hours for attacking a woman on a train, attacking her male friend, and throwing stones at the train. The accused was identified through CCTV footage and arrested by Railway Police.
#TrainHarassment #Arrest #RailwayPolice #Kasaragod #Crime #KeralaPolice