Crime | തൃശൂരില്‍ യുവാവ് ഭാര്യയുടെ മുന്നില്‍വെച്ച് വെട്ടേറ്റ് മരിച്ച സംഭവം; 'കൊലപാതകത്തിന് കാരണം കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം'; 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍
● കൂത്തനെന്ന് വിളിക്കുന്ന കടവല്ലൂര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്.
● 'സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍'.
● 'പ്രതികളും കൊല്ലപ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍.'
തൃശൂര്‍: (KasargodVartha) കുന്നംകുളം പെരുമ്പിലാവില്‍ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് (27) എന്ന യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍വെച്ച് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തും മുഖ്യപ്രതിയുമായ ലിഷോയ് പൊലീസ് പിടിയില്‍. സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശി നിഖിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നാലു പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം.
പൊലീസ് പറയുന്നത്: നിരവധി കേസുകളില്‍ പ്രതിയായ കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ലഹരി മാഫിയ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ലിഷോയുടെ വീടിന് മുന്നില്‍ വെച്ചാണ് അക്ഷയ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയ്യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്.
സംഘര്‍ഷത്തില്‍ പരുക്കേറ്റ ബാദുഷ പെരുമ്പിലാവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിക്കുക.
Young man was murdered in front of his wife in Kunnamkulam, Thrissur. The incident occurred due to a dispute related to cannabis trade. Another person was injured in the clash, and the accused is currently on the run.
#ThrissurMurder, #CrimeNews, #KeralaCrime, #DrugMafia, #Violence, #PoliceInvestigation