Theft | പട്ടാപ്പകല്‍ യുവതിയുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചു; യുവതികള്‍ കാസര്‍കോട്ടേക്ക് കടന്നതായി സൂചന
● സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.
● അന്വേഷണം ഊര്‍ജിതമാക്കി.
● കാഞ്ഞങ്ങാട് ഭാഗത്തുണ്ടെന്ന് വിവരം.
തളിപ്പറമ്പ്: (KasargodVartha) മെഡികല്‍ കടയില്‍നിന്ന് മരുന്ന് വാങ്ങുന്നതിനിടെ പട്ടാപ്പകല്‍ യുവതിയുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതിനാല്‍, മുന്‍പ് സമാനമായ കേസില്‍ തലശ്ശേരി പൊലീസിന്റെ പിടിയിലായ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ പുനിയ (Puniya-27), ഗീത (Geetha-38) എന്നിവരാണ് കവര്‍ചയ്ക്ക് പിന്നിലെന്ന് വ്യക്തമായി. ഇവര്‍ കാസര്‍കോട് ഭാഗത്തേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൊലീസ് കാസര്‍കോട് പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40നാണ് തളിപ്പറമ്പ്, സെയ്ദ് നഗറിലെ ഫായിദയുടെ ഒരു വയസുള്ള മകളുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചത്. ആശുപത്രിയില്‍ മകളെയും കൊണ്ട് പരിശോധനയ്ക്ക് എത്തിയതായിരുന്നു ഫായിദ. പരിശോധനയ്ക്കുശേഷം മെഡികല്‍ കടയില്‍നിന്ന് മരുന്ന് വാങ്ങുന്നതിനിടയാണ് സംഭവം.
കുഞ്ഞുമായി നില്‍ക്കുന്ന സ്ഥലത്തേക്ക് രണ്ട് യുവതികള്‍ എത്തുകയും തന്ത്രപൂര്‍വം അടുത്ത് ചേര്‍ന്ന് നിന്ന് കുഞ്ഞിന്റെ കഴുത്തില്‍നിന്നും മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഫായിദയുടെ ഭര്‍ത്താവ് മൂസയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.
റോഡിന്റെ മറുഭാഗത്തുനിന്നും യുവതികള്‍ വരുന്നതും മാല പൊട്ടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുള്ളതായി പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ കാഞ്ഞങ്ങാട് ഭാഗത്തുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
#KeralaCrime #Theft #Baby #CCTV #Police #Kasargod