Violence | 'പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു', എറണാകുളത്ത് കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു; വധശ്രമത്തിന് കേസെടുത്ത് പൊലീസ്
● അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
● കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായി എത്തി.
● അപാര്‍ട്‌മെന്റിന്റെ വാതിലിന് കേടുപാടുകള്‍ വരുത്തി.
● 10,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പരാതി.
കൊച്ചി: (KasargodVartha) എറണാകുളത്ത് ഇന്റേണ്‍ഷിപിനെത്തിയ കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കാസര്‍കോട് ബേവിഞ്ചയിലെ ശാസില്‍ (21), അജ് നാസ്, സൈഫുദ്ദീന്‍, മിശാല്‍, അഫ്‌സല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 2.15 മണിയോടെ സീപോര്‍ട് എയര്‍പോര്‍ട് റോഡിന് സമീപം കൈപ്പടമുഗളില്‍ അഫ്‌സല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളുടെ സുഹൃത്തായ ദേവാനന്ദും കണ്ടാലറിയാവുന്ന നാലുപേരും ചേര്‍ന്നാണ് അക്രമം നടത്തിയതെന്നാണ് പരാതി.
പെണ്‍സുഹൃത്തിനോട് സംസാരിച്ചതിനെ ചൊല്ലിയുള്ള വിരോധം മൂലം കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായി അപാര്‍ട്‌മെന്റിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമി സംഘം ശാസിലിനെയും സുഹൃത്തുക്കളെയും തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അപാര്‍ട്‌മെന്റിന്റെ വാതിലിന് കേടുപാടുകള്‍ വരുത്തിയതിലൂടെ 10,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പരാതിയിലുണ്ട്.
സംഭവത്തില്‍ കൊലപാതക ശ്രമം അടക്കം ബിഎന്‍എസ് 109(1), 119(1), 333, 3(5) വകുപ്പുകള്‍ ചുമത്തി കളമശേരി പൊലീസ് കേസെടുത്തു. മംഗ്‌ളുറു കോളജിലെ വിദ്യാര്‍ഥികളാണ് എറണാകുളത്ത് ഇന്റേണ്‍ഷിപിന് എത്തിയത്. കഴിഞ്ഞ ദിവസവും പെണ്‍സുഹൃത്തിനെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നുമാണ് പറയുന്നത്.
#KeralaViolence #StudentClash #Ernakulam #Kasargod #YouthViolence #Justice