Crisis | റാഗിങിൽ നിന്ന് വഴിമാറി വിദ്യാർഥികൾ തമ്മിൽ സംഘട്ടനത്തിൽ ഏർപ്പെടുന്നത് ട്രെൻഡായി; പിടിഎയ്ക്കും പൊലീസിനും പുതിയ തലവേദന
● കുമ്പള ടൗണിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി
● പിടിഎയും പൊലീസും പ്രശ്നം പരിഹരിക്കാൻ പാടുപെടുന്നു
● പൊലീസിന് ഇടപെടാൻ പരിമിതികൾ ഉണ്ട്
● രാഷ്ട്രീയ ഇടപെടലുകൾ പലപ്പോഴും പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നു
കുമ്പള: (KasargodVartha) ചേരിതിരിഞ്ഞുള്ള വിദ്യാർഥികളുടെ അടി കുമ്പള ടൗണിൽ തുടർക്കഥയാവുന്നത് പിടിഎയ്ക്കും, പൊലീസിനും തലവേദനയാവുന്നു. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിലായി ഇതുതന്നെയാണ് സ്ഥിതി. നാട്ടുകാരും രക്ഷിതാക്കളും നോക്കിനിൽക്കെ തന്നെയാണ് വിദ്യാർഥികൾ സംഘട്ടനത്തിൽ ഏർപ്പെടുന്നത്. അധ്യായന വർഷാരംഭത്തിൽ റാഗിംങ്ങിൽ ഏർപ്പെട്ടിരുന്ന വിദ്യാർഥികൾ ഇപ്പോൾ സ്കൂളിന് പുറത്ത് സംഘട്ടനത്തിൽ ഏർപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
സംഭവങ്ങളൊക്കെ സ്കൂൾ വളപ്പിന് പുറത്തായതിനാൽ ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന നിലപാടാണ് പിടിഎയും എസ്എംസിയും എടുക്കുന്നത്. എന്നിട്ടും തുടരെയുണ്ടാകുന്ന സംഘർഷാവസ്ഥ നാട്ടുകാരും, വ്യാപാരികളും പിടിഎ യെ വിളിച്ചറിയിക്കുന്നതിനാൽ രക്ഷിതാക്കളുടെ യോഗം വിളിച്ചു കൂട്ടി മക്കളുടെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തുന്നുമുണ്ട്.
പൊലീസിന് ഇക്കാര്യത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ട്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഇത്തരത്തിൽ സംഘർഷത്തിൽ ഏർപ്പെടുന്നത് എന്നതുതന്നെയാണ് പൊലീസിന്റെ വലിയ ഇടപെടലുകൾ ഉണ്ടാകാത്തത്. ടൗണിൽ ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. എന്നാൽ ഇതിന് പലപ്പോഴും രാഷ്ട്രീയ ഇടപെടലുകൾ തടസ്സമാകുന്നുവെന്നും പൊലീസ് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയാണ് കുമ്പള ടൗണിൽ രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതുമൂലം ടൗണിൽ അരമണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ടൗണിലെ വ്യാപാരികളും, ഓട്ടോ റിക്ഷ ഡ്രൈവർമാരും ഇടപെട്ടിട്ടും പിരിഞ്ഞു പോകാൻ വിദ്യാർഥികൾ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് എത്തിയാണ് വിരട്ടിയോടിച്ചത്. സമാനമായ സംഭവം നേരത്തെ ഉപ്പളയിലും, മൊഗ്രാലിലും, കാസർകോട് ബിസി റോഡിലും റിപ്പോർട്ട് ചെയ്തിരുന്നു.
പലപ്പോഴും പെൺകുട്ടികളെ ചൊല്ലിയാണ് വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് അടിയുണ്ടാക്കുന്നതെന്നാണ് പറയുന്നത്. സ്കൂൾ പരിസരത്ത് മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ എത്തുന്നത് ചോദ്യം ചെയ്യുന്നതാണ് പലപ്പോഴും അടിയിൽ കലാശിക്കുന്നത്. കലോത്സവങ്ങളിൽ ഇപ്പോൾ 'കൂട്ടത്തല്ല്' ട്രെൻഡായി മാറിയിട്ടുണ്ട്. ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. ഈ മാസം അവസാനം വരെ വിവിധ സ്കൂളുകളിലായി കലോത്സവങ്ങൾ നടക്കാനുമുണ്ട്. സ്കൂൾ അധികൃതരാകട്ടെ പൊലീസ് നിരീക്ഷണം ആവശ്യപ്പെടുന്നുമുണ്ട്.
#KeralaNews #StudentSafety #RaggingFreeSchools #JuvenileJustice #PTA